
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ്. വെടി നിർത്തൽ കരാറിൽ നിർണായക തീരുമാനം എടുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്നലെ ഇസ്താംബൂളിൽ നടന്ന ചർച്ച ഫലം കണ്ടില്ല. മറിച്ച് 1,000 യുദ്ധ തടവുകാരെ വീതം കൈമാറാൻ തീരുമാനമായി. രണ്ട് മണിക്കൂറിൽ താഴെ മാത്രം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ ആയിരുന്നു നിർണായക തീരുമാനം. ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും, യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലന്‍സ്കിയും പങ്കെടുത്തിരുന്നില്ല.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും യൂറോപ്യൻ നേതാക്കളുടെയും സമർദ്ദം കാരണമായിരുന്നു ഇരു നേതാക്കളും നേരിട്ടുളള ചർച്ചയ്ക്ക് തയ്യാറായത്. നേരിട്ട് ചർച്ചകൾ നടത്താമെന്ന് പുടിൻ തന്നെയാണ് ആദ്യം നിർദേശിച്ചത്. പിന്നാലെ സെലന്‍സ്കിയും ഇതിന് സമ്മതിക്കുകയായിരുന്നു. പിന്നീട് റഷ്യൻ ഉപദേശകനായ വ്ളാഡിമിർ മെഡിൻസ്കിയാണ് ചർച്ചകളിൽ പങ്കെടുക്കുക എന്ന് പുടിൻ അറിയിച്ചതിന് പിന്നാലെ സെലൻസ്കിയും ചർച്ചയിൽ നിന്ന് പിന്മാറുകയായിരുന്നു. യുക്രെയ്ൻ പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവാണ് യുക്രെയ്നെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.

