ഷാരോണ്‍ വധകേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവന് മൂന്നുവർഷം തടവ്. രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. പ്രായത്തിന്റെ ഇളവ് നൽകണമെന്ന പ്രതിയുടെ വാദം കോടതി നിരാകരിച്ചു. ഗ്രീഷ്മയ്ക്കും ഷാരോണിനും ഒരേ പ്രായമെന്ന് കോടതി. ഗ്രീഷ്മയെ മാത്രം നോക്കിയാൽ പോരാ ഷാരോണിനെയും കുടുംബത്തെയും നോക്കണമെന്നും കോടതി പറഞ്ഞു. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു. 2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ കഷായത്തിൽ വിഷം ഒഴിച്ച് ഷാരോണിന് നൽകുകയായിരുന്നു.
ഷാരോൺ ഗ്രീഷ്മയെ അടിച്ചു എന്ന വാദം കോടതി തള്ളി. ഷാരോണിന്റെ പ്രണയത്തെ കോടതി മനസ്സിലാക്കുന്നുവെന്നും ഗ്രീഷ്മയുടെ വിശ്വാസ വഞ്ചനയും മനസ്സിലാക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് നൽകുന്നതെന്നും കോടതി പറഞ്ഞു. ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പറയാൻ കഴിയില്ല, കാരണം മുൻപും ഗ്രീഷ്മ ഷാരോണിനെ കൊല്ലാൻ ശ്രമിച്ചിരുന്നു. സമർത്ഥമായ ക്രൂരകൃത്യമാണിതെന്നും കോടതി കൂട്ടിച്ചേർത്തു. 586 പേജ് വിധിയിൽ കേസ് അന്വേഷിച്ച കേരള പോലീസിനെ കോടതി പ്രത്യേകം അഭിനന്ദിച്ചു. തെളിവുകൾ കൃത്യമായി നൽകാൻ പൊലീസിന് സാധിച്ചത് കേസിൽ നിർണായകമായിരുന്നു.
വിധി കേട്ട് നിര്‍വികാരയായി ഗ്രീഷ്മ; പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍ …
പാറശ്ശാലയില്‍ കഷായത്തില്‍ വിഷം കലര്‍ത്തി കുടിപ്പിച്ച് കാമുകനായ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച് കോടതി. കേസില്‍ വിധി കേട്ട് ഗ്രീഷ്മ നിര്‍വികാരയായി നില്‍ക്കുകയായിരുന്നു. പ്രതിയുടെ പ്രായം കണക്കിലെടുക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഷാരോണിന്റെ ആന്തരികാവയവങ്ങള്‍ അഴുകിയ നിലയിലാണെന്നും സമര്‍ഥമായ കൊലപാതകമാണെന്നും കോടതി പറഞ്ഞു.വിധി കേട്ട് ഷാരോണിന്റെ മാതാപിതാക്കള്‍ പൊട്ടികരഞ്ഞു. പ്രതിഭാഗത്തിന്റെ എല്ലാ വാദവും തള്ളിയാണ് കോടതി വിധി പറഞ്ഞത്. അതീവക്രൂരകൃത്യമെന്ന കാറ്റഗറിയിലാണ് കോടതി കേസിനെ ഉള്‍പ്പെടുത്തിയത്. 586 പേജുള്ള വിധിന്യായമാണ് കോടതി പരിശോധിച്ചത്. സാഹചര്യ തെളിവുകള്‍ കണക്കിലെടുത്താണ് കേസില്‍ കോടതി വിധി പറഞ്ഞത്.