
അമേരിക്കയിലെ ഹ്യൂസ്റ്റണിൽ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് പേർക്ക് പരിക്ക്. അക്രമിയായ വനിതയെ പൊലീസ് വെടിവെച്ച് കൊന്നു. ലേക്ക് വുഡ് പള്ളിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. സ്ഥിതി നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു.സ്പാനിഷ് ഭാഷയിലുള്ള ശുശ്രൂഷ നടക്കുന്ന സമയത്ത് റൈഫിളുമായി പള്ളിയിലെത്തിയ 35കാരിയാണ് വിശ്വാസികള്‍ക്ക് നേരെ നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർക്കൊപ്പം അഞ്ച് വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു. യുവതി വെടിയുതിർത്തതോടെ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അക്രമിയുടെ കൂടെയുണ്ടായിരുന്ന കുട്ടിയും ഉള്‍പ്പെടുന്നു.പള്ളിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർ, വെടിയുതിർത്ത യുവതിയെ വെടിവെച്ച് കൊന്നു. തന്‍റെ കൈവശം ബോംബുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി പറഞ്ഞുവെന്ന് പൊലീസ് വെളിപ്പെടുത്തി. യുവതിയുടെ ബാഗും വാഹനവും പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്തിനാണ് യുവതി വെടിയുതിർത്തതെന്ന് വ്യക്തമല്ല. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.

പുല്‍പ്പള്ളിക്കു സമീപം കടുവയിറങ്ങിയതായി റിപ്പോര്‍ട്ട്.

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവു മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ, പുല്‍പ്പള്ളിക്കു സമീപം കടുവയിറങ്ങിയതായി റിപ്പോര്‍ട്ട്. മുള്ളന്‍കൊല്ലി ടൗണിനു സമീപം വടാനക്കവലയിലാണ് ഇന്ന് കടുവയെ കണ്ടത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവയെ കണ്ടത്. കാട്ടുപന്നിയെ ഓടിച്ചെത്തിയ കടുവയാണ് ഇതെന്നാണു വിവരം. കാട്ടുപന്നി ഓടിരക്ഷപ്പെട്ടതോടെ കടുവ സമീപത്തെ കൃഷിയിടത്തില്‍ ഏറെ നേരെ കിടന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകര്‍ നടത്തിയ തിരച്ചിലില്‍ കടുവയെ കണ്ടെത്തി. വനപാലകര്‍ ഇപ്പോഴും പ്രദേശത്തു ക്യാംപ് ചെയ്യുകയാണ്.
