കാസര്‍ഗോട്ടെ ആപ്പിള്‍ പായസം മുതല്‍ ആറന്മുളയിലെ വള്ളസദ്യ വരെയുള്ള രുചിക്കൂട്ടൊരുക്കി പുത്തരിക്കണ്ടം മൈതാനത്തെ ‘ടേസ്റ്റ് ഓഫ് കേരള’ ഫുഡ് ഫെസ്റ്റ്. നാടന്‍ പലഹാരങ്ങള്‍ മുതല്‍ ചിക്കന്‍ മുസാബ ബിരിയാണി വരെ നീളുന്ന നൂറിലേറെ വിഭവങ്ങളാണ് ഇവിടെ തീന്‍മേശയില്‍ നിരക്കുന്നത്. കോഴി പൊരിച്ചത്, മുട്ടസുര്‍ക്ക, ചീപ്പ് അപ്പം, ചുക്കപ്പം കോമ്പോയുടെ ‘ചിക്കന്‍ കേരളീയ’നാണ് ടേസ്റ്റ് ഓഫ് കേരളയിലെ വേറിട്ട വിഭവം; വില 150 രൂപയും.കാഞ്ഞങ്ങാടുനിന്നുള്ള രാബിത്തയുടെ ഷിഫാ കാറ്ററിംഗിന്റെ ആപ്പിള്‍, ഡ്രൈ ഫ്രൂട്ട്‌സ്, പാലട പായസത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലബാര്‍ സ്‌റ്റൈല്‍ മട്ടനും ചിക്കന്‍ പൊള്ളിച്ചതും വറുത്തരച്ച കോഴിക്കറിയും ഇവിടത്തെ പ്രത്യേകതയാണ്.ബിരിയാണികള്‍ മാത്രമായി ‘കോഴിക്കോടിന്റെ മുഹബത്ത്’ സന്ദര്‍ശകരെ കാത്തിരിക്കുന്നു. ചിക്കന്‍ ലഗോണ്‍ ദം ബിരിയാണി, സ്‌പെഷ്യല്‍ ചിക്കന്‍ മുസാബ ബിരിയാണി, മട്ടന്‍ ബിരിയാണി, തലശ്ശേരി ദം ബിരിയാണി , അങ്ങനെ പലതരം ബിരിയാണികളുടെ കലവറയും ഒരുക്കിയിട്ടുണ്ട്.പ്രസിദ്ധമായ ആറന്മുള സദ്യയുടെ രുചി അനന്തപുരിക്ക് പരിചയപ്പെടുത്തുകയാണ് ചോതി കാറ്ററേഴ്സ്. ഏത്തക്കാ ഉപ്പേരി, ചേന, ചേമ്പ് ഉപ്പേരികള്‍, അവിയല്‍, പഴം നുറുക്ക്, വെള്ളരിക്ക, ബീറ്റ്‌റൂട്ട് കിച്ചടികള്‍, അച്ചാറുകള്‍, സാമ്പാര്‍, പുളിശ്ശേരി തുടങ്ങി 50 കൂട്ടം വിഭവങ്ങളോടെയുള്ള സദ്യ വെറും 260 രൂപയ്ക്കാണ് ഇവിടെ വിളമ്പുന്നത്. സദ്യയുടെ പെരുമ ഇവിടെ തീരുന്നില്ല. മലമുകളില്‍ നിന്നുള്ള ഊട്ടുപുരക്കാര്‍ ഒരുക്കുന്നതാവട്ടെ, 55 വിഭവങ്ങളുള്ള രാജകീയ സദ്യയാണ്.
വമ്പന്‍ സദ്യകള്‍ക്കിടയില്‍ കേരളത്തിന്റെ തനത് ചമ്പാ, ഗോതമ്പ്, മരുന്ന് കഞ്ഞി വിഭവങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. മില്ലറ്റ് ഇനത്തില്‍ പെടുന്ന തിന ബിരിയാണി 60 രൂപയാണ് നിരക്ക്. തിന കഞ്ഞിയും പായസവും കൂവരക് പൊടിയും റാഗി ഔലോസ് പൊടിയും അടക്കം വിവിധ ചെറുധാന്യ ഉത്പ്പന്നങ്ങള്‍ക്കായും സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. മലയാളികള്‍ ഏറെ ഉപയോഗിക്കുന്ന അച്ചാറുകള്‍, ആവിയില്‍ വേവിക്കുന്ന വിഭവങ്ങള്‍, ഉന്നക്കായ, ഇലാഞ്ചി, ചട്ടിപത്തിരി, ഇറാനിപോള, കിണ്ണത്തപ്പം തുടങ്ങിയ തനത് വിഭവങ്ങളുട ജനപ്രിയ വിഭവങ്ങളും അന്വേഷിച്ചെത്തുന്നവരെ കാത്തിരിക്കുന്നത്.
*കേരളീയത്തിന് കാല്‍പനിക ഭംഗി പകര്‍ന്ന് നിലാവെളിച്ചം*
ദീപാലങ്കാരം കാണാനെത്തുന്നവര്‍ക്ക് നിലാ വെളിച്ചത്തിന്റെ ഭംഗി ആസ്വദിക്കുന്നത്തിന് അവസരമൊരുക്കി ടാഗോറിലെ കേരളീയം വേദി. ടാഗോര്‍ തീയേറ്ററിനു മുന്‍വശത്തുള്ള മരക്കൊമ്പിലാണ് ചന്ദ്രനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ മൂണ്‍ലൈറ്റ് തീം ഒരുക്കിയിരിക്കുന്നത്.തൂവെള്ള നിറത്തില്‍ പ്രകാശിക്കുന്ന ചന്ദ്രനാണ് ഹൈലൈറ്റ്. കൂടെ, ചാന്ദ്രപര്യവേഷകരെയും പ്രതീകാത്മകമായി അവതരിപ്പിച്ചിട്ടുണ്ട്. നിലാവിന്റെ ഭംഗി ആസ്വദിക്കാനും സെല്‍ഫി എടുക്കാനും നിരവധി പേരാണ് ഇവിടേക്കെത്തുന്നത്. ഇതിനുപുറമേ, മ്യൂസിയത്തിലെ ദീപലങ്കാരം കാണുന്നതിനും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്നതിനായി പൂക്കളുടെയും മൃഗങ്ങളുടെയും രൂപത്തിലാണ് ലൈറ്റ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയേറ്റിലെ ദീപലങ്കാരത്തിനും പ്രത്യേകതയുണ്ട്. കെട്ടിടത്തിന്റെ ഭംഗി എടുത്തു കാട്ടുന്ന തരത്തിലാണ് ഇവിടെ ദീപകാഴ്ച ഒരുക്കിയിരിക്കുന്നത്.
*ജലസംരക്ഷണ ഇന്‍സ്റ്റലേഷനുകളുമായി കേരളീയം*
ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് കേരളീയത്തിലെ വിവിധ പവലിയനുകളും ഇന്‍സ്റ്റലേഷനുകളും. ജലസംരക്ഷണമാണ് ഈ വര്‍ഷത്തെ കേരളീയത്തിന്റെ തീം. ഈ ആശയം മുന്‍നിര്‍ത്തി കേരളീയം ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ വിവിധ മിഷനുകളും വകുപ്പുകളും ഏജന്‍സികളും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള സേവ് വാട്ടര്‍, സ്റ്റേ ഗ്രീന്‍ (ജലം സംരക്ഷിക്കൂ, ജീവിതം ഹരിതാഭമാക്കൂ ) എന്ന പേരിലുള്ള പവലിയന്‍ സന്ദര്‍ശിക്കാന്‍ പുത്തരിക്കണ്ടത്തേക്ക് നിരവധി പേരാണ് എത്തുന്നത്.ഹരിതകേരളം മിഷന്‍, ഭൂജല വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ്, കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെമെന്റ് കോര്‍പറേഷന്‍ (ജലസേചനം), ജലനിധി, കൊച്ചി വാട്ടര്‍ മെട്രോ, കേരള വാട്ടര്‍ അതോറിറ്റി എന്നിവയുടെ പ്രവര്‍ത്തന മാതൃകകള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വലിപ്പമേറിയ ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശനത്തിലെ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരിനമാണ്. ജലമെട്രോ യാത്രയുടെ നേരനുഭവം പകരുന്ന കൊച്ചി വാട്ടര്‍ മെട്രോയുടെ സ്റ്റാളാണ് സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്ന മറ്റൊരിനം. ഹരിതകേരളം മിഷന്‍ തയാറാക്കിയിരിക്കുന്ന ഇന്‍സ്റ്റലേഷന്‍ കൊല്ലം ജില്ലയിലെ കൊട്ടാരക്കര മണ്ഡലത്തില്‍ കരീപ്ര ഗ്രാമപഞ്ചായത്തിലെ ഉളകോട് ക്വാറിയിലെ ജലം കൃഷിയ്ക്കും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രയോജനപ്പെടുത്തുന്ന ഹരിതതീര്‍ത്ഥം പദ്ധതി ആണ്.