EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വീഡിയോയുമായി ഡൊമിനിക് മാർട്ടിൻ…

കളമശ്ശേരി സ്ഫോടനത്തിന്റെ പിന്നിൽ താനാണെന്ന അവകാശവാദവുമായി വീഡിയോ പങ്കുവെച്ച്  പൊലീസിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ. കൊച്ചി സ്വദേശിയായ ഇയാൾ ഉച്ചയോടെയാണ് സ്ഫോടനത്തിന് പിന്നിൽ താനാണെന്ന് പറഞ്ഞ് കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇതിനു ശേഷമാണ് സ്ഫോടനത്തിന് പിന്നിൽ താനാണെന്നും യഹോവ സാക്ഷികളോടുള്ള എതിർപ്പ് കാരണമാണ് സ്ഫോടനം നടത്തിയതെന്നുമുള്ള അവകാശവാദങ്ങളുന്നയിക്കുന്ന മാർട്ടിന്റെ വീഡിയോ പുറത്തുവന്നത്. താൻ യഹോവ സാക്ഷികളിൽ ഉൾപ്പെട്ടയാളാണെന്നും യഹോവ സാക്ഷികൾ രാജ്യദ്രാഹികളാണെന്ന് മനസിലാക്കിയതിനാലാണ് സ്ഫോടനം നടത്തിയതെന്നുമാണ് മാർട്ടിൻ വീഡിയോയിൽ പറയുന്നത്‌. ഫെയ്‌സ്‌ബുക്കിലാണ് വീഡിയോ പങ്കുവച്ചത്. ഇയാളെ ചോദ്യം ചെയ്‌തു വരികയാണെന്ന് സുരക്ഷാ ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു. വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ശരിയാണോ എന്ന് പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.

കളമശ്ശേരിയിൽ നടന്ന സ്ഫോടനം താനാണ് നടത്തിയതെന്നും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം പൂർണമായും താൻ ഏറ്റെടുക്കുന്നതായും മാർട്ടിൻ വീഡിയോയിൽ പറയുന്നു. 16 വർഷമായി സംഘടനയ്‌ക്കായി പ്രവർത്തിച്ചയാളാണ് താനെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായാണ് ഇവർ പ്രചരിപ്പിക്കുന്ന ആശയങ്ങൾ തെറ്റാണെന്ന് മനസിലാക്കിയതെന്നും മാർട്ടിൻ പറയുന്നു. രാജ്യത്തിന് ദ്രോഹമായ കാര്യങ്ങളാണ് യഹോവ സാക്ഷികൾ പ്രചരിപ്പിക്കുന്നത്. ലോകത്തുള്ള ജനങ്ങളെല്ലാം നശിച്ചുപോകുമെന്നും നമ്മൾ മാത്രം നിലനിൽക്കുമെന്നുമാണ്  യഹോവ സാക്ഷികൾ കുട്ടികളെ പഠിപ്പിക്കുന്നത്. ഈ ചിന്താ​ഗതിക്കെതിരെ പ്രതികരിക്കണമെന്ന് തോന്നിയതിനാലാണ് സ്ഫോടനം നടത്തിയത്. താൻ പൊലീസിൽ കീഴടങ്ങാൻ പോവുകയാണെന്നും സ്ഫോടനം നടന്നതിന്റെ രീതികൾ ഒരു മാധ്യമങ്ങളും ടെലികാസ്റ്റ് ചെയ്യരുതെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. തമ്മനത്താണ് മാർട്ടിൻ താമസിക്കുന്നത്. ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തും

Leave a Comment

Your email address will not be published. Required fields are marked *