
മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ. തിരുവല്ല മേപ്രാൽ സ്വദേശി കൈലാത്ത് സിൽ പി.പി. സുജാതൻ (60) ആണു കൊല്ലപ്പെട്ടത്. എസ്എൻഡിപി ദ്വാരക ശാഖാ സെക്രട്ടറി കൂടിയാണ്. ദ്വാരകയിൽ തിരുപ്പതി പബ്ലിക് സ്കൂളിനു സമീപമായിരുന്നു സുജാതൻ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ ജയ്പൂരിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയ സുജാതനെ പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിനു സമീപമുള്ള കാക്രോല പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് കുടുംബം പറയുന്നു. സാമൂഹ്യ പ്രവർത്തകൻ കൂടിയായ സുജാതന്റെ പഴ്സും മൊബൈൽഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്ന് പൊലിസ് അറിയിച്ചു. മൃതദേഹം ദീൻദയാൽ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് ഡൽഹിയിൽ നടക്കും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, അമൽ എന്നിവർ മക്കളാണ്.
കവർച്ചയുടെ ഭാഗമാണു കൊലപാതകമെന്നാണു പ്രാഥമിക നിഗമനം.