EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ബ്ലോക്ക്‌തല എഎംആര്‍ കമ്മിറ്റികള്‍: മാര്‍ഗരേഖ പുറത്തിറക്കി…

സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യ ബ്ലോക്ക്‌തല ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബ്ലോക്ക്‌തല എഎംആര്‍ കമ്മിറ്റികളുടെ രൂപീകരണം, ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, നിരീക്ഷണം എന്നിവ സംബന്ധിച്ച സമഗ്ര മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കാന്‍ ബ്ലോക്ക്‌തല എഎംആര്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രധാനമാണെന്നും പ്രധാന സ്വകാര്യ ആശുപത്രികളെക്കൂടി കാര്‍സാപ് (കേരള ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) നെറ്റ് വര്‍ക്കിന്റെ ഭാഗമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ചെയര്‍മാനായുള്ള ബ്ലോക്കുതല എഎംആര്‍ കമ്മിറ്റിയില്‍ ആരോഗ്യ വകുപ്പ്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, അക്വാ കള്‍ച്ചര്‍, ഭക്ഷ്യസുരക്ഷ, മലിനീകരണ നിയന്ത്രണം തുടങ്ങിയ വകുപ്പുകളിലേയും ഐഎംഎ, ഐഎപി, എപിഐ, എഎഫ്പിഐ തുടങ്ങിയവയിലേയും പ്രതിനിധികളുണ്ടാകും.ജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗത്തെ കുറിച്ചും അണുബാധനിയന്ത്രണ രീതികളെ കുറിച്ചും സാര്‍വത്രിക അവബോധം നല്‍കുക എന്നതാണ് ബ്ലോക്ക്തല എഎംആര്‍ കമ്മിറ്റികളുടെ പ്രധാന ലക്ഷ്യം. അംഗീകൃത മെഡിക്കല്‍ ഓഫീസറുടെ കുറിപ്പടിക്കനുസൃതമായി മാത്രം ആന്റിബയോട്ടിക്കുകള്‍ കഴിക്കുക, ആന്റിബയോട്ടിക് രഹിത ഭക്ഷണവും വെള്ളവും ലഭിക്കേണ്ടതിന്റെ പ്രാധാന്യം, ഉപയോഗിക്കാത്തതും കാലഹരണപ്പെട്ടതുമായ ആന്റിബയോട്ടിക്കുകള്‍, മരുന്നുകള്‍ സുരക്ഷിതമായി നീക്കം ചെയ്യേണ്ടതിന്റെ പ്രാധാന്യം എന്നിവയില്‍ അവബോധം നല്‍കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *