EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



സിജെ റോയിയുടെ മരണം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്…

പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ സി ജെ റോയിയുടെ അസ്വാഭാവിക മരണത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ഭരണഘടനാ പദവിയിലുള്ള കോടതിയിലെ മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതതല ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു. ബംഗളൂരുവിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുമ്പോൾ ഉണ്ടായ ഈ ദാരുണ സംഭവം രാജ്യത്തെ നികുതി ഭരണസംവിധാനത്തിന് തന്നെ മായ്ക്കാൻ കഴിയാത്ത കളങ്കമാണെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

ആദായനികുതി ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കേണ്ട സ്ഥലത്ത് വെച്ച് ഒരാൾക്ക് എങ്ങനെ സ്വന്തം തോക്കെടുത്ത് വെടിയുതിർക്കാൻ സാധിച്ചു എന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അങ്ങേയറ്റം ഗുരുതരമായ വീഴ്ചയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. റെയ്ഡ് നടക്കുമ്പോൾ പാലിക്കേണ്ട കുറഞ്ഞ പരിധിയിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പോലും ഇവിടെ പാലിക്കപ്പെട്ടില്ല. റെയ്ഡ് പുരോഗമിക്കുമ്പോൾ മറ്റൊരു മുറിയിൽ പോയി റോയിക്ക് വെടിയുതിർക്കാൻ സാധിച്ചു എന്നത് റെയ്ഡ് പ്രോട്ടോക്കോളിന്റെ നഗ്നമായ ലംഘനമാണ് ഈ അലംഭാവമാണ് ഒരു സംരംഭകന്റെ വിലപ്പെട്ട ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും കത്തിൽ പറയുന്നു.സിജെ റോയ് റെയ്ഡുമായി പൂർണ്ണമായി സഹകരിച്ചിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സഹിക്കാനാവാത്ത പീഡനം ഉണ്ടായതായി അദ്ദേഹത്തിന്റെ സഹോദരൻ ബാബു ഉന്നയിച്ച കാര്യങ്ങളും മുഖ്യമന്ത്രി കത്തിൽ പരാമർശിച്ചു. ആദായനികുതി വകുപ്പിന്റെ നടപടികൾ താങ്ങാവുന്നതിലും അധികമായിരുന്നുവെന്ന് റോയ് വെളിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്. ഇത്തരം അപരിഷ്കൃത നടപടികൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല.

നിലവിൽ കർണാടക പൊലീസ് നടത്തുന്ന അന്വേഷണം മാത്രം ഈ വിഷയത്തിൽ മതിയാകില്ല. ഔദ്യോഗിക റിപ്പോർട്ടുകൾ തേടുന്നത് കൊണ്ടുമാത്രം വസ്തുതകൾ പുറത്തുവരില്ല. പൊതുസമൂഹത്തിന് വിശ്വാസ്യതയുള്ള ഒരു അന്വേഷണം വേണമെങ്കിൽ അത് ജുഡീഷ്യൽ അന്വേഷണം തന്നെയായിരിക്കണമെന്നും സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.നികുതി വെട്ടിപ്പിനോട് രാജ്യം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കേണ്ടതുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ നികുതി നിയമങ്ങൾ നടപ്പിലാക്കുന്നു എന്ന പേരിൽ മനുഷ്യജീവന് വില കൽപ്പിക്കാത്ത ഇത്തരം പ്രവർത്തനങ്ങൾക്കെതിരെയും കർക്കശമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *