
കോഴിക്കോട് : താമരശ്ശേരി ചുരം വ്യൂ പോയന്റിന് സമീപം റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണ് ഗതാഗത തടസ്സപ്പെട്ടു.
വൈകീട്ട് 6:45 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്ന് പോലീസ് അറിയിച്ചു.കല്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള യാത്രയ്ക്ക് മറ്റു ചുരങ്ങള്‍ ഉപയോഗിക്കാമെന്ന് വയനാട് ജില്ലാകളക്ടര്‍ അറിയിച്ചു. ‘താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞത് കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്. ആയതിനാല്‍ താമരശ്ശേരി യില്‍ നിന്നും പേരാമ്പ്ര വഴി കുറ്റ്യാടി ചുരം വഴി യാത്ര ചെയ്യാവുന്നതാണ്’ കളക്ടര്‍ അറിയിച്ചു.

താമരശ്ശേരി ചുരത്തില്‍ കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഇതുവഴിയുള്ള ഗതാഗതത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങും അറിയിച്ചു. വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ തിരിഞ്ഞു പോവേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈംഗിക അധിക്ഷേപ പരാതി; ചവറ കുടുംബ കോടതി മുന്‍ ജഡ്ജിക്ക് സസ്പെന്‍ഷന്‍
കൊച്ചി : ലൈംഗിക അധിക്ഷേപ പരാതിയില്‍ ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ. ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി. ഉദയകുമാറിനെ ആണ് സസ്പെന്‍ഡ് ചെയ്തത്. ഹൈക്കോടതി രജിസ്ട്രിയുടേതാണ് സസ്പെൻഷൻ നടപടി. വിവാഹ മോചന കേസിന് ഹാജരായ യുവതിയോട് ജഡ്ജി വി. ഉദയകുമാർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ജഡ്ജിക്ക് എതിരെ നടപടിയെടുത്തത്. പരാതിയിൽ ഹൈക്കോടതി ജഡ്ജി അന്വേഷണം നടത്തും.

പി.പി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി; അന്വേഷണത്തിന് അനുമതി തേടിയെന്ന് വിജിലൻസ്

കൊച്ചി: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണത്തിന് അനുമതി തേടിയെന്നു വിജിലൻസ്. ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു നൽകിയ പരാതി അട്ടിമറിച്ചെന്നു ചൂണ്ടിക്കാട്ടി കെഎസ്‍യു നേതാവ് പി.മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജിയില്‍ ഹൈക്കോടതി വിജിലൻസിന്റെ മറുപടി തേടിയിരുന്നു.

തുടർന്നാണ് ഹൈക്കോടതിയില്‍ വിജിലൻസ് ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തിന് അനുമതി തേടിയതിലെ പുരോഗതി അറിയിക്കാന്‍ വിജിലന്‍സിനു കോടതി നിര്‍ദ്ദേശം നല്‍കി. കേസ് സെപ്റ്റംബർ 18ന് വീണ്ടും പരിഗണിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോള്‍ ദിവ്യ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്നാണ് കെഎസ്‍യു നേതാവിന്റെ ആരോപണം. ബെനാമി സ്വത്ത് ഇടപാടുകൾ അടക്കം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനു പരാതി നല്‍കിയിരുന്നു എന്ന് ഹർജിയിൽ പറയുന്നു.
