
ഗാസയിലെ നസേർ ആശുപത്രി തകർത്ത് ഹമാസ് നേതാവ് ഇസ്മെയിൽ ബാറോമിനെ വധിച്ച് ഇസ്രയേൽ. ഹമാസ് ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീന്റെ വധത്തിന് പിന്നാലെയാണ് ഇസ്മെയിലിൻ്റെ വധം.ഇന്നലെ തെക്കൻ ഗാസയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീൽ കൊല്ലപ്പെട്ടിരുന്നു. നസേർ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യവും വെളിപ്പെടുത്തി.ഖാൻ യൂനിസിലെ ആശുപത്രിയുടെ സർജിക്കൽ കെട്ടിടത്തിൽ തീപിടുത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടത് ഹമാസ് നേതാവ് ഇസ്മെയിൽ ബാറോം ആണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.രഹസ്യാന്വേഷണ വിവരങ്ങളെ തുടർന്നാണ് ആക്രമണം നടത്തിയതെന്നും സ്ഥലത്ത് നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് കൃത്യമായ ആയുധങ്ങൾ ഉപയോഗിച്ചതായും ഇസ്രയേൽ സൈന്യം പറഞ്ഞു.