EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



പൊന്നമ്പലമേട്ടിൽ ദർശന സുകൃതമായി മകരവിളക്ക്…

മകരസംക്രമ സന്ധ്യയിൽ, ഭക്തജനലക്ഷങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ പൊന്നമ്പലമേട്ടിൽ ദർശന സുകൃതമായി മകരവിളക്ക്. ചൊവ്വാഴ്ച സന്ധ്യയ്ക്ക് 6.43ന് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി മഹാദീപാരാധന നടത്തിയ ശുഭമുഹൂർത്തത്തിലായിരുന്നു മകരവിളക്ക് ദർശനം. പ്രാർഥനാനിർഭരമായ കൂപ്പുകൈകളുമായി നിന്ന ഭക്തർക്ക് 6.44ന് രണ്ട് തവണ കൂടി മകരജ്യോതി ദർശിക്കാനായി. ഇതോടെ സന്നിധാനവും പരിസരവും പൂങ്കാവനമാകെയും ശരണം വിളികളാൽ മുഖരിതമായി.

പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽനിന്നുള്ള തിരുവാഭരണഘോഷയാത്രയെ വൈകിട്ട് 5.30ന് ശരംകുത്തിയിൽ ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസർ ബി. മുരാരി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. പതിനെട്ടാം പടി കയറിയെത്തിയ തിരുവാഭരണ ഘോഷയാത്രയെ 6.30ന് കൊടിമരച്ചുവട്ടിൽ സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, തമിഴ്നാട് ഹിന്ദുമത ധർമ്മ സ്ഥാപന വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു, വി കെ ശ്രീകണ്ഠൻ എം പി, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, എംഎൽഎമാരായ പ്രമോദ് നാരായണൻ, അഡ്വ .കെ.യു ജനീഷ്‌കുമാർ, രാഹുൽ മാങ്കൂട്ടത്തിൽ, പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ, ദേവസ്വം ബോർഡ് അംഗങ്ങളായ എ അജികുമാർ, ജി. സുന്ദരേശൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തിരുവാഭരണ പേടകം പതിനെട്ടാംപടി ബലിക്കൽപുര വാതിലിലൂടെ സോപാനത്ത് എത്തിച്ചപ്പോൾ ശബരിമല തന്ത്രി കണ്ഠര് ബ്രഹ്‌മദത്തൻ, മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തിരുവാഭരണം ശ്രീകോവിലിൽ എത്തിച്ച ശേഷം ദീപാരാധനയ്ക്കായി നടയടച്ചു. അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജാവ് പണിയിച്ച തിരുവാഭരണങ്ങൾ സന്ധ്യാദീപാരാധനയിൽ അയ്യപ്പനെ അണിയിച്ചു.

ഈ സമയത്താണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായത്. കാർമേഘാവൃതമായ അന്തരീക്ഷത്തിൽ ചെറിയ ചാറ്റൽ മഴയുടെ അന്തരീക്ഷത്തിലായിരുന്നു ഇത്തവണ സന്നിധാനത്തെ മകരവിളക്ക് ദർശനം. തുടർന്ന് തിരുവാഭരണം അണിഞ്ഞുള്ള ദർശനവും ആരംഭിച്ചു. ജനുവരി 17 വരെ തിരുവാഭരണം അണിഞ്ഞുള്ള ദർശനം നടത്താം. പന്തളത്ത് സൂക്ഷിച്ച തിരുവാഭരണങ്ങൾ മകരവിളക്ക് ഉത്സവത്തിനായി മൂന്നു പേടകങ്ങളിലാക്കി ശബരിമലയിലേക്ക് കാൽനടയായാണ് കൊണ്ടുവന്നത്.മകരസംക്രമ മുഹൂർത്തമായ രാവിലെ 8.45ന് മകരസംക്രമ പൂജ നടന്നു. തിരുവിതാംകൂർ കൊട്ടാരത്തിൽനിന്നും എത്തിച്ച നെയ്യ് അഭിഷേകം ചെയ്തു. വൈകീട്ട് 4.50നാണ് ദീപാരാധനയ്ക്കായി നട തുറന്നത്.

Leave a Comment

Your email address will not be published. Required fields are marked *