EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



233 ദിവസം; സ്പേയ്‌സ് എക്സ് ക്രൂ-8 വിജയകരമായി ഭൂമിയിലെത്തി…

നാസയുടെ സ്പേയ്‌സ് എക്സ് ക്രൂ-8 വിജയകരമായി ഭൂമിയിൽ തിരിച്ചത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി 233 ദിവസത്തിന് ശേഷമാണ് നാലുപേരടങ്ങുന്ന ദൗത്യസംഘം സ്പേയ്‌സ് എക്സിന്റെ എൻഡവർ പേടകത്തിൽ ഭൂമിയിലിറങ്ങിയത്.മാര്‍ച്ചിലാണ് ക്രൂ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകത്തില്‍ നാസയുടെ ബഹിരാകാശയാത്രികരായ മൈക്കൽ ബാരറ്റ്, മാത്യു ഡൊമിനിക്, ജീനെറ്റ് എപ്‌സ് എന്നിവരും റഷ്യന്‍ സഞ്ചാരിയായ അലക്‌സാണ്ടര്‍ ഗ്രെബെന്‍കിനും ഐഎസ്എസിലെത്തിയത്. യാത്രികർ ആ​ഗസ്തിൽ തിരികെയെത്തുമെന്നായിരുന്നു ആദ്യഘട്ടത്തിൽ നാസ അറിയിച്ചത്. എന്നാല്‍ സുനിത വില്യംസും ബുച്ച് വിൽമോറും എത്തിയ ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ തകരാറ് കാരണം അത് നീട്ടിക്കൊണ്ടുപോയി. നിലയത്തിൽ അധിക ജീവനക്കാരുടെ പിന്തുണ ആവശ്യമായിരുന്നതിനാലാണിത്. ഒക്ടോബര്‍ ഏഴിന് പിന്നീട് തിരിച്ചുവരവ് തീരുമാനിച്ചിരുന്നു. എന്നാൽ മില്‍ട്ടണ്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് അതും മാറ്റിവച്ചു.

ബുധനാഴ്ച വൈകുന്നേരം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വേർപെട്ട പേടകം വെള്ളിയാഴ്ച പുലർച്ചെ 3:30നാണ് ഭൂമിയിൽ ഇറങ്ങിയത്. ആരോഗ്യം, മെറ്റീരിയൽ സയൻസ്, കൃഷി തുടങ്ങി വിവിധ മേഖലകളിൽ 200-ലധികം സുപ്രധാന ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തിയ ശേഷമാണ് ദൗത്യസംഘം മടങ്ങിയെത്തിയത്. ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്ക് ആവശ്യമായ അറിവ് വികസിപ്പിക്കാനും ദൗത്യം സഹായിച്ചുവെന്ന് നാസ അറിയിച്ചു.സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഭൂമിയിലേക്ക് മടങ്ങിവരാനുള്ള സ്പേസ് എക്‌സിന്റെ ക്രൂ-9 ഡ്രാഗണ്‍ പേടകം ഐഎസ്എസിലെത്തിയിട്ടുണ്ട്. നിക്ക് ഹഗ്യൂ, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരെയും വഹിച്ചാണ് പേടകം ബഹിരാകാശ നിലയത്തില്‍ വിജയകരമായി ഡോക് ചെയ്‌തത്. 2025 ഫെബ്രുവരിയിൽ ഭൂമിയില്‍ തിരിച്ചെത്താനാണ് പദ്ധതി.

ഒരു കോടി ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിച്ചു; ‘ കൊടുങ്ങല്ലൂര്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍’ വീണ്ടും അറസ്റ്റില്‍

ഒരു കോടി രൂപ ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പത്ത് ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി പിടിയില്‍. തൃശൂര്‍ പനങ്ങാട് അഞ്ചാംപരത്തി എറാശ്ശേരി വീട്ടില്‍ ഇ എച്ച് രാജീവിനെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. യുവമോര്‍ച്ച മുന്‍ നേതാവായിരുന്ന ഇയാള്‍ മുമ്പ് നിരവധി കള്ളനോട്ട് കേസുകളിലും പ്രതിയാണ്.മതിലകം, കൊടുവള്ളി, അന്തിക്കാട്, കൊടുങ്ങല്ലൂര്‍ സ്‌റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ തട്ടിപ്പിലേക്കും കടക്കുകയായിരുന്നു. ഒരു കോടി രൂപയുടെ ലോണ്‍ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായാണ് പല തവണകളിലായി 9,90250 രൂപ തട്ടിയെടുത്തത്. വഞ്ചിക്കപ്പെട്ടതറിഞ്ഞ മേപ്പാടി സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഉല്‍സവങ്ങള്‍ക്ക് ആനയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന ഹൈക്കോടതി

ഉല്‍സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നതിനെതിരേ ഹൈക്കോടതി. ഇത്തരം പ്രവൃത്തികള്‍ മനുഷ്യരുടെ അഹന്തയാണെന്ന് മൃഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്കെതിരേ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ കോടതി പറഞ്ഞു. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് അഹന്തയാണ്. തിമിംഗലം കരയില്‍ ജീവിക്കുന്ന ജീവിയല്ലാത്തത് ഭാഗ്യം. ഇല്ലെങ്കില്‍ തിമിംഗലത്തെയും ഉപയോഗിച്ചേനെയെന്നും കോടതി വിമര്‍ശിച്ചു.ആനകളെ എഴുന്നള്ളിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുള്ള ചില നിര്‍ദേശങ്ങളും കോടതി മുന്നോട്ടു വെച്ചു. ഉത്സവങ്ങള്‍ക്കിടയില്‍ ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കണം. ആനകളെ അണിനിരത്തുന്ന ക്ഷേത്രങ്ങളിലോ മറ്റ് ഇടങ്ങളിലോ മതിയായ ഇടം ഉണ്ടായിരിക്കണം. ആനകള്‍ക്കിടയില്‍ അകലം പാലിക്കുകയും ആള്‍ത്തിരക്ക് നിയന്ത്രിക്കുകയും വേണം. ആനകള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. തിരുവനന്തപുരത്ത് വളര്‍ത്തുനായയെ അടിച്ചുകൊന്ന സംഭവത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

‘കാനഡയിൽ പഠിക്കാൻ പോകുംമുമ്പ് രണ്ടുവട്ടം ആലോചിക്കണം’ ; മുന്നറിയിപ്പുമായി ഇന്ത്യൻ മുന്‍ ഹൈകമീഷണര്‍

കാനഡയിൽ പഠിക്കാൻ പോകുംമുമ്പ് ഇന്ത്യൻ വിദ്യാര്‍ഥികള്‍ രണ്ടുവട്ടം ആലോചിക്കണമെന്ന് കാനഡയിലെ ഇന്ത്യയുടെ മുന്‍ ഹൈകമീഷണര്‍ സഞ്ജയ് വര്‍മ. ഭാവി സ്വപ്‌നങ്ങളുമായി പോകുന്നവര്‍ ബാ​ഗുകളിൽ മടങ്ങിവരുന്നു. ചില സമയത്ത് ആഴ്‌ചയിൽ രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹം വരെ നാട്ടിലേക്ക് അയക്കേണ്ട സ്ഥിതി കണ്ടിട്ടുണ്ട്. കാനഡയുടെ ഖലിസ്ഥാൻ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ഇന്ത്യ തിരിച്ചുവിളിച്ച  സഞ്ജയ് ശര്‍മ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് മുന്നറിയിപ്പ് നൽകിയത്.ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കനേഡിയൻ വിദ്യാര്‍ഥികളെക്കാൾ നാലു മടങ്ങ് ഫീസ് ആണ് നൽകുന്നത്. ഏജന്റുമാരുടെ ചതിയിൽപ്പെട്ട് പലരും എത്തിച്ചേരുന്നത് നിലവാരമില്ലാത്ത കോളേജുകളിലാണ്. ലക്ഷങ്ങള്‍ കൊടുത്ത് പഠിച്ച കുട്ടികള്‍ ജോലി സാധ്യതയുമില്ലാത്ത അവസ്ഥയിലാകുന്നു. എൻജിനിയറിങ് പഠിച്ചിറങ്ങിയ വിദ്യാര്‍ഥിക്ക് കാര്‍ ഓടിച്ചും ചായ വിറ്റും ജീവിക്കേണ്ടിവരുന്നു. ഉള്ളതെല്ലാം വിറ്റും കടംവാങ്ങിയുമാണ് പലരും കാനഡയിലെത്തുന്നത്.  വിഷാദരോഗം ബാധിച്ച്‌ പലരും ആത്മഹത്യയിൽ അഭയം തേടുന്നു.  അതിനാൽ കുട്ടികളെ കാനഡയിലേക്ക് വിടുംമുമ്പ്  കോളേജുകളെക്കുറിച്ച് രക്ഷിതാക്കള്‍ നന്നായി പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആ​ഗസ്‌ത്‌ വരെയുള്ള കണക്കുപ്രകാരം  4,27,000 ഇന്ത്യൻ വിദ്യാര്‍ഥികളാണ് കാനഡയിൽ പഠിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *