മനം നിറയ്ക്കും വര്‍ണ്ണവിസ്മയം; ശാന്തിഗിരി ഫെസ്റ്റ് കളർഫുൾ ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം.
പോത്തൻകോട് (തിരുവനന്തപുരം) : പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒട്ടേറെ പുതുമകളോടെ അവതരിപ്പിക്കുന്ന ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പിന് ഇന്ന് ( ഒക്ടോബര്‍ 2 ബുധനാഴ്ച) തുടക്കമാകും. ബൈപ്പാസ് റോഡില്‍ ശാന്തിഗിരി ആശ്രമത്തിന്റെ ഒന്നാം നമ്പര്‍ പ്രവേശനകവാടം മുതല്‍ കാര്‍ണിവല്‍ നഗരി മുഴുവന്‍ കാഴ്ചയുടെ വര്‍ണ്ണവിസ്മയങ്ങള്‍ തീര്‍ത്താണ് ഇക്കുറി ഫെസ്റ്റിന്റെ വരവ്. പതിവ് പ്രദര്‍ശന വിപണന മേളയ്ക്കപ്പുറം ദീപാലങ്കാരങ്ങളുടെ വസന്തമാണ് ഒരുക്കിയിരിക്കുന്നത്. സ്ഥിരം ശൈലിയില്‍ നിന്ന് മാറി പുതുതലമുറയ്ക്കുകൂടി ഹൃദ്യമാകുന്ന രീതിയിലാണ് ഓരോ ഇന്‍സ്റ്റലേഷനും. ആശ്രമത്തിലെ അതിവിശാലമായ ജലസംഭരണിയും വാട്ടര്‍ ഫൌണ്ടെയ്നും ചുറ്റുമുളള പാറയിലെ പ്രകാശവിന്യാസവും കണ്ണും മനസ്സും നിറയ്ക്കും. ഹാപ്പിനസ് പാര്‍ക്കിലെ വൈദ്യുത ദീപാലങ്കാരങ്ങളാണ് മറ്റൊരു ആകര്‍ഷണം. മരത്തിന്റെ ശീതളശ്ചായയില്‍ ഹാപ്പിയായി ഇരുന്ന് ജലാശയവും കാഴ്ചകളും കാണാന്‍ നിരവധി പേരാണ് ശാന്തിഗിരിയിലേക്ക് ഒഴുകിയെത്തുന്നത്. ഫെസ്റ്റ് തുടങ്ങുന്നതിനോടൊപ്പം ആശ്രമം സ്പിരിച്വല്‍ സോണിലും ലൈറ്റ് & സൌണ്ട് ഷോയ്ക്കുളള മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്. താമരപ്പര്‍ണ്ണശാല വീണ്ടും വര്‍ണ്ണപ്രഭ ചൊരിയും. 2010ല്‍ മുപ്പത് ലക്ഷത്തിലധികം പേരാണ് പര്‍ണ്ണശാലയിലെ പ്രകാശ വിന്യാസം കാണാനെത്തിയത്. സന്ദര്‍ശകര്‍ക്ക് ഇത്തവണ ഗുരുവിന്റെ ഉദ്യാനം കൂടി കാണാനാവും എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ജാതി മത ഭേദമന്യേ ആര്‍ക്കും ആശ്രമത്തിന്റെ സ്പിരിച്വല്‍ സോണില്‍ പ്രവേശിക്കാം.
ഇന്ന് വൈകിട്ട് 5 ന് ഭക്ഷ്യ മന്ത്രി ജി. ആര്‍. അനില്‍ ഫെസ്റ്റിന്റെ വിളംബരം നടത്തും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലുളളവര്‍ ചടങ്ങില്‍ സംബന്ധിക്കും. വിളംബരത്തോടനുബന്ധിച്ച് വിശ്വസംസ്കൃതികലാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഗീതപരിപാടികളും ഉണ്ടാകും.