എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നത് ഉള്‍പ്പെടെയുള്ള വിവാദത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. ആര്‍എസ്എസുമായി എല്ലാ കാലത്തും ബന്ധം പുലര്‍ത്തിയത് കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, അധികം പറഞ്ഞാല്‍ മട്ട് മാറുമെന്നും വ്യക്തമാക്കി. സിപിഎം കോവളം ഏരിയാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ആര്‍എസ്എസുമായി സജീവമായ ബന്ധം പുലര്‍ത്തിയപ്പോള്‍ സിപിഎം ആര്‍എസ്എസിനെ പ്രതിരോധിക്കുകയായിരുന്നു. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നെന്ന് പറഞ്ഞ നേതാവ് ആരാണെന്ന് മാധ്യമങ്ങള്‍ ഓര്‍ക്കണം. ആര്‍എസ്എസ് സ്ഥാപകനായിരുന്ന ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തി കുമ്പിട്ടത് ആരാണ്. കോണ്‍ഗ്രസിന് കട്ടപിടിച്ച സംഘപരിവാര്‍ മനസ്സാണ്. കോണ്‍ഗ്രസ് ആര്‍എസ്എസുമായി എപ്പോഴും ധാരണയുണ്ടാക്കിയപ്പോള്‍, ആര്‍എസ്എസിനെ പ്രതിരോധിച്ചാണ് സിപിഎമ്മിന് ശീലം. കേരളത്തില്‍ ആര്‍എസ്എസുകാര്‍ ഏറ്റവും കൂടുതല്‍ കൊലപ്പെടുത്തിയത് സിപിഎമ്മുകാരെയാണ്. അവരെ പ്രീണിപ്പിക്കുന്നത് പാര്‍ട്ടി നയമല്ല. ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം ഒരിക്കലും ഉണ്ടായിട്ടില്ല. ആര്‍എസ്എസിനെ നേരിട്ട് ജീവന്‍ നഷ്ടമായ പാര്‍ട്ടിയാണ് സിപിഎം. തലശ്ശേരി കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഞങ്ങള്‍ക്ക് മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.