
“ വയനാടിനൊപ്പം വട്ടിയൂർക്കാവ് ”
സി.എം.ഡി.ആർ.എഫിലേക്ക് 100 രൂപ ചലഞ്ച് ആരംഭിച്ചു.
തിരുവനന്തപുരം : പ്രകൃതിദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനർനിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് “വയനാടിനൊപ്പം വട്ടിയൂർക്കാവ്” എന്ന പേരിൽ 100 രൂപ ചലഞ്ച് പ്രധാന മന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ നായർ ഉദ്ഘാടനം ചെയ്തു. സി.എം.ഡി.ആർ.എഫിലേക്ക് ഗൂഗിൾ പേ വഴി 100 രൂപ അയച്ചുകൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഇതിനു പുറമെ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് മുഖാന്തിരം ലഭ്യമാക്കുമെന്ന് ടി.കെ.എ നായർ അറിയിച്ചു. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി നാടൊന്നാകെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകേണ്ട സമയമാണ്. മികച്ച രീതിയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് സർക്കാരും സന്നദ്ധ പ്രവർത്തകരും നടത്തുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തന്റെ മണ്ഡലത്തിലെ മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പു വരുത്താനാണ് വി.കെ പ്രശാന്ത് എം.എൽ.എ പരിശ്രമിക്കുന്നത്. ആഗസ്റ്റ് 1 മുതൽ ഒരാഴ്ചക്കാലത്തേക്കാണ് ചലഞ്ച്. ഈ ചലഞ്ചിൽ എല്ലാവരും പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.വട്ടിയൂർക്കാവ് മണ്ഡലത്തിലെ എല്ലാ വാർഡുകളിലും വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ക്യാമ്പയിൻ പ്രവർത്തനം സംഘടിപ്പിക്കും. ക്യാമ്പയിന്റെ ഭാഗമായി വോളണ്ടിയർമാർ വീടുകൾ സന്ദർശിച്ച് ദുരിതാശ്വാസ നിധി ചാലഞ്ചിൽ പങ്കെടുക്കുന്നതിനുള്ള അഭ്യർത്ഥന നടത്തും. സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓൺലൈൻ മുഖാന്തിരമാണ് സ്വീകരിക്കുന്നത്. ചെക്കും ഡി.ഡി യും സ്വീകരിക്കും. വോളണ്ടിയർമാർ സംഭാവനകൾ പണമായി സ്വീകരിക്കുന്നതല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിന് ക്യു.ആർ. കോഡ് രേഖപ്പെടുത്തിയ പ്ലക്കാർഡുകളും ലഘു ലേഖകളും വോളണ്ടിയർമാരുടെ കൈവശം ഉണ്ടാകും. പ്രായപൂർത്തിയായ എല്ലാവരും ഏറ്റവും കുറഞ്ഞത് 100 രൂപ സി.എം.ഡി.ആർ.എഫിലേക്ക് ഓൺലൈൻ മുഖാന്തിരം അയച്ച് ഈ ക്യാമ്പയിനിൽ പങ്കാളികളാകണമെന്നും കൂടുതൽ പണം നൽകാൻ ശേഷി ഉള്ളവർ തങ്ങളാൽ കഴിയുന്ന തുക വയനാടിന്റെ പുനർ നിർമ്മാണത്തിന് സംഭാവനയായി നൽകണമെന്നും അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ അഭ്യർത്ഥിച്ചു.
ക്യാമ്പയിൻ പരിപാടിയിൽ എം.എൽ.എ യോടൊപ്പം മുട്ടട വാർഡ് കൌൺസിലർ അജിത് രവീന്ദ്രൻ, മുൻ കൌൺസിലർ ഗീതാ ഗോപാൽ, ജോസഫ് വിജയൻ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

