സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളില്‍ ഒന്നിന് മാത്രം അംഗീകാരം. ചാന്‍സലര്‍ ബില്ലടക്കം മൂന്ന് ബില്ലുകള്‍ക്ക് രാഷ്ട്രപതി അനുമതി നല്‍കിയില്ല. മറ്റ് മൂന്ന് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയിലുമാണ്. സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് രാഷ്ട്രപതിയുടെ തീരുമാനം. ലോകായുക്ത ബില്ലില്‍ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനും വൈസ് ചാന്‍സലര്‍മാരെ നിര്‍ണയിക്കുന്ന സേര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും രാഷ്ട്രപതി അനുമതി നല്‍കിയില്ല. ഈ മൂന്ന് ബില്ലുകളും രാഷ്ട്രപതിയുടെ ഓഫീസ് തിരിച്ചയച്ചു. മറ്റ് മൂന്ന് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്ന് രാഷ്ട്രപതി ഭവന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കാര്യവട്ടം കാംപസില്‍ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം …
കാര്യവട്ടം സര്‍വകലാശാല കാംപസിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതാണോയെന്ന് സംശയം. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് തലശ്ശേരി വിലാസത്തിലുള്ള ഡ്രൈവിങ് ലൈസന്‍സ് കിട്ടിയതാണ് ഇത്തരത്തിലൊരു സംശയമുണ്ടാവാന്‍ കാരണം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്നു തൊപ്പിയും കണ്ണടയും കണ്ടെത്തി. അസ്ഥികൂടം ഫോറന്‍സിക് സംഘം പരിശോധിക്കുകയാണ്. ഇന്നലെ വൈകീട്ടാണ് കാംപസിലെ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാട്ടര്‍ ടാങ്കിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തിയ ജീവനക്കാരാണ് ഒരു കുടയും ബാഗും വാട്ടര്‍ ടാങ്കിന് സമീപം കണ്ടത്. പരിശോധന നടത്തിയപ്പോഴാണ് അസ്ഥി കഷണങ്ങള്‍ ടാങ്കിനുള്ളില്‍ കണ്ടത്. ഇന്ന് സ്ഥലത്തെത്തിയ ഫോറന്‍സിക് സംഘം ടാങ്കിനുള്ളിലിറങ്ങി പരിശോധന നടത്തി. പാന്റും ഷാര്‍ട്ടുമായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്. പുരുഷന്റെ ശരീരാവശിഷ്ടങ്ങളെന്നാണ് പ്രാഥമിക നിഗമനം. ടാങ്കിനുള്ളില്‍ കയറി തൂങ്ങിമരിച്ചതെന്നാണ് സംശയിക്കുന്നത്. കുരുക്കിട്ട ഒരു കയറും കണ്ടെത്തിയിട്ടുണ്ട്. എപ്പോഴും സുരക്ഷയുള്ള കാംപസിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അസ്ഥികൂടത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കുകയും ഡിഎന്‍എ സാപിളുകള്‍ ശേഖരിക്കുകയും ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ കാണാതായവരെ കുറിച്ചാണ് അന്വേഷണം. കഴക്കൂട്ടം പോലിസാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
സിദ്ധാര്‍ഥിന്റെ മരണം; എസ്എഫ്‌ഐ നേതാക്കളെ പോലിസ് സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍…
വയനാട് പൂക്കോട് വെറ്റനറി കോളജിലെ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിന്റെ മരണത്തില്‍ എസ്എഫ്‌ഐ നേതാക്കളെ പോലിസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അറസ്റ്റ് ചെയ്യാതെ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് പോലിസ്. നൂറുകണക്കിന് കുട്ടികളുടെ മുന്നില്‍ വിവസ്ത്രനാക്കി ബെല്‍റ്റും കമ്പിവടിയും ഉപയോഗിച്ചാണ് സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നതെന്നും അദ്ദേഹം ആരോപിച്ചു. ടി പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സിപിഎം നേതാക്കള്‍ വളര്‍ത്തിയെടുക്കുന്ന എസ്എഫ്‌ഐ ഏറ്റവും വലിയ ക്രിമിനലുകളായി മാറിക്കൊണ്ടിരിക്കുകയാണ്. സിദ്ധാര്‍ഥിന് സംഭവിച്ചത് തങ്ങളുടെ മക്കള്‍ക്കും പറ്റുമോയെന്ന ഭീതിയിലാണ് കേരളത്തിലെ രക്ഷിതാക്കള്‍. എന്നിട്ടും പ്രതികള്‍ക്കെതിരേ ദുര്‍ബലമായാണ് പോലിസ് പ്രതികരിക്കുന്നത്. ഇവിടെ ആര്‍ക്കാണ് നീതി കിട്ടുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ കേരളം കാണാത്ത സമരപരിപാടികളുണ്ടാവും. ക്രൂരമായ റാഗിങും ആക്രമണവും നടന്നിട്ടും ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ ഇത് മറച്ചുവച്ചു. ഇത്തരം അധ്യാപകര്‍ ഒരു കാരണവശാലും അവിടെ പഠിപ്പിക്കാന്‍ പാടില്ല. അധ്യാപകരെയും പ്രതികളാക്കി യുക്തമായ നടപടി സ്വീകരിക്കണം. നടപടി എടുത്തില്ലെങ്കില്‍ ഈ അധ്യാപകരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാർത്ഥൻ്റെ മരണം; യൂണിയൻ പ്രസിഡന്റ് ഉൾപ്പെടെ രണ്ട് എസ്എഫ്ഐ നേതാക്കൾ കീഴടങ്ങി…
പൂക്കോട് വെറ്ററിനറി കോളേജിൽ എസ്എഫ്ഐയുടെ ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ ആത്മഹത്യ ചെയ്ത കേസിൽ രണ്ട് എസ്എഫ്ഐ നേതാക്കൾ കീഴടങ്ങി. ആൾക്കൂട്ട വിചാരണയ്ക്കും മൃഗീയ മർദ്ദനത്തിനും നേതൃത്വം നൽകിയ എസ്എഫ്ഐ യൂണിയന്‍ പ്രസിഡന്റ് മാനന്തവാടി താഴെ കണിയാരം കേളോത്ത് കെ.അരുണ്‍, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി മാനന്തവാടി ക്ലബ് കുന്ന് അമല്‍ ഇഹ്‌സാന്‍ എന്നിവരാണ് വ്യാഴാഴ്ച രാത്രി വൈകി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ടി.എന്‍.സജീവിന് മുമ്പാകെ കീഴടങ്ങിയത്. പ്രതികളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ഇരുവരും ആദ്യം പ്രതിചേർത്ത 12 പേരിൽ ഉൾപ്പെട്ടിരുന്നു. ബാക്കിയുള്ളവർ ഇപ്പോഴും ഒളിവിലാണ്.