നൂറാം വയസിൽ കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മ തൻ്റെ മൂന്നു തലമുറയിൽപ്പെട്ടവരോടൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്.
കൊച്ചുമകൻ ഗിരീഷ് കുമാർ, കൊച്ചുമകൻ്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ സന്നിധാനത്തെത്തിയത്. അമ്മൂമ്മ എന്തേ ഇത്രനാളും ശബരിമലയിൽ പോകാൻ വൈകിയത് എന്ന അവന്തികയുടെ ചോദ്യത്തിന് അമ്മയുടെ ഉത്തരം പെട്ടെന്നെത്തി.
നേരത്തേ പോകണം എന്നുണ്ടായിരുന്നു. പക്ഷേ, അതു സാധിച്ചില്ല. ഇനി നൂറു വയസിലേ ശബരിമലയിലേക്ക് പോകുന്നുള്ളൂ എന്നു തീരുമാനിച്ചു. അങ്ങനെ ഇപ്പോൾ ശബരിമലയിലെത്തി. പൊന്നുംപടിയും പൊന്നമ്പലവും കണ്ടു. മനസു നിറഞ്ഞു. ഒന്നു മിണ്ടണം. അത്രയേ വേണ്ടു. ഞാൻ എൻ്റെ ഭഗവാനെ കണ്ണുനിറച്ചു കണ്ടു. അതിന് ഞാൻ വരും വഴി ഒരുപാടു പേർ സഹായിച്ചു. അവരേയും ഭഗവാൻ രക്ഷിക്കും എന്നു പറയുമ്പോൾ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു.പാറുക്കുട്ടിയമ്മയുടെ മകളായ ഭാനുമതിയുടെ മകന്‍ ഗിരീഷ് കുമാറിൻ്റെ ഭാര്യ രാഖി ജോലി ചെയ്യുന്നത് ഇസ്രായേലിലാണ്. അതിനാല്‍ പലസ്തീനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ അയ്യപ്പനോടു പ്രാര്‍ഥിച്ചുവെന്നും പാറുക്കുട്ടിയമ്മ പറഞ്ഞു. 1923-ല്‍ ജനിച്ചെങ്കിലും മലചവിട്ടാനുള്ള പാറുക്കുട്ടിയമ്മയുടെ ആഗ്രഹം സഫലമാകുന്നത് ഇപ്പോഴാണ്. മൂന്നാനക്കുഴിയിൽ നിന്നും ഡിസംബർ രണ്ടിനു തിരിച്ച 14 അംഗ സംഘത്തിനൊപ്പമാണ് പാറുക്കുട്ടിയമ്മ പമ്പയിലെത്തിയത്. മൂന്നിനു പമ്പയിലെത്തിയ സംഘം വിശ്രമ ശേഷം നാലിനു രാവിലെയാണ് സന്നിധാനത്തെത്തിയത്.
തലസ്ഥാനത്തെ പ്രമുഖ മാധ്യമപ്രവർത്തകൻ എം വി പ്രദീപ് അന്തരിച്ചു.
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ മാധ്യമപ്രവർത്തകനും, ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടറുമായ എം വി പ്രദീപ് (48) അന്തരിച്ചു.ഇന്നലെ രാത്രി നെഞ്ചുവേദനയെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലും പിന്നീട് അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.കണ്ണൂർ ശ്രീകണ്ഠപുരം എരുവശേരി ചുണ്ടക്കുന്ന് മഴുവഞ്ചേരി വീട്ടിൽ പരേതനായ വേലപ്പൻ നായരുടെയും ലീലാമണിയുടെയും മകനാണ്. ഭാര്യ: പി കെ സിന്ധുമോൾ (ശ്രീകണ്‌ഠാപുരം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം എച്ച്‌എസ്‌എസ് അധ്യാപിക). മകൾ: അനാമിക(വിദ്യാർഥിനി, കെഎൻഎം ഗവ. കോളേജ് കാഞ്ഞിരംകുളം, തിരുവനന്തപുരം). സഹോദരങ്ങൾ: പ്രദീഷ്, പ്രമീള.മികച്ച ഹ്യൂമൻ ഇന്ററസ്‌റ്റിങ് സ്‌റ്റോറിക്കുള്ള ട്രാക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.