
മന്ത്രിസഭയൊന്നാകെ നിയമസഭാ മണ്ഡലങ്ങളിലേക്കെത്തുന്ന നവകേരള സദസ്സിൽ ജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കാൻ വിപുലമായ സംവിധാനം. കാത്തിരിപ്പുകൂടാതെ പരാതി നൽകാനാവശ്യമായ കൗണ്ടറുകൾ പ്രധാന വേദിയിൽനിന്ന് മാറി സ്ഥാപിക്കും. സ്‌ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടറുകളുണ്ടാകും. പരാതി നൽകേണ്ട രീതി കൗണ്ടറുകൾക്കു മുന്നിൽ പ്രദർശിപ്പിക്കും. നവകേരള സദസ്സ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പുതന്നെ പരാതി സ്വീകരിച്ചു തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിച്ചശേഷമേ കൗണ്ടറുകൾ അടയ്‌ക്കൂ. പൊതുജനങ്ങളിൽനിന്ന് സ്വീകരിക്കുന്ന പരാതികളിൽ ഒരുമാസത്തിനുള്ളിൽ പരിഹാരമുണ്ടാകും. സംസ്ഥാനതലത്തിലുള്ള പരാതികൾ ഒന്നര മാസത്തിനുള്ളിലും.പരാതികളിൽ പൂർണമായ വിലാസവും ഫോൺ നമ്പരും ഇ–-മെയിൽ ഉണ്ടെങ്കിൽ ഐഡിയും നിർബന്ധമായും രേഖപ്പെടുത്തണം. ഓരോ പരാതിക്കും രസീത് നൽകും. സംസ്ഥാനതലത്തിൽ പരിഹരിക്കേണ്ട പ്രശ്‌നങ്ങൾക്ക് കൂടുതൽ സമയമെടുക്കുന്ന സാഹചര്യത്തിൽ പരാതിക്കാരന് വിശദമായ ഇടക്കാല റിപ്പോർട്ട് നൽകണം.ജില്ലാതലത്തിൽ തീരുമാനമെടുക്കുന്ന പരാതികൾ സമയബന്ധിതമായി തീർപ്പാക്കാനുള്ള ഉത്തരവാദിത്വം ജില്ലാതലവകുപ്പ് മേധാവിക്കായിരിക്കും. പരാതി കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥർ പരാതി പരിശോധിച്ച് രണ്ടാഴ്‌ചക്കുള്ളിൽ അന്തിമ തീരുമാനം കൈക്കൊള്ളും. കൂടുതൽ നടപടി ക്രമവും സമയവും ആവശ്യമായ പരാതികളിൽ പരമാവധി നാലാഴ്‌ചവരെയാണ് സമയം. അങ്ങനെയെങ്കിൽ പരാതിക്കാരന് ഇടക്കാല റിപ്പോർട്ട് നൽകും. മറുപടി തപാലിലൂടെ നൽകും.
