കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) ചോദ്യം ചെയ്യലിനിടെ ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍.ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം.ഭാസുരാംഗനെ ഇഡി ഉദ്യോഗസ്ഥര്‍ ആദ്യം കണ്ടല സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മാറനല്ലൂരിലെ വീട്ടില്‍ എത്തിച്ച് പരിശോധന നടത്തിയത്. ഇതിനിടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സര്‍വീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുന്‍ സെക്രട്ടറിമാരുടേയും വീടുകളിലും അടക്കം ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇ.ഡി സംഘം എത്തിയത്.
സോളാർ ഗൂഢാലോചന കേസ് ഇന്ന് കോടതിയിൽ; ഗണേഷ് കുമാർ ഹാജരാകും
സോളാർ ഗൂഢാലോചന കേസ് ഇന്ന് വീണ്ടും കോടതിയിൽ. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ സോളാർ പീഡനക്കേസിലെ പരാതിക്കാരി ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതി കെ ബി ഗണേഷ് കുമാർ എംഎൽഎ ഹൈക്കോടതി നൽകിയ ഹർജി തള്ളിയതോടെ ഗണേഷ് കുമാറും ഇന്ന് കോടതിയിൽ ഹാജരാകും. കഴിഞ്ഞമാസം കേസ് പരിഗണിച്ചപ്പോൾ ഒന്നും രണ്ടും പ്രതികൾ ഹാജരായിരുന്നില്ല. സോളാർ പീഡനക്കേസിലെ പരാതിക്കാരി അന്വേഷണ കമ്മീഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ കൃത്രിമം നടത്തി നാല് പേജ് കൂട്ടിച്ചേർത്തെന്നും ഇതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നുമാണ് കേസ്.
ഫലസ്തീന്‍ കേരള രാഷ്ട്രീയത്തിന്റെയും ഗതിമാറ്റുമോ…
പതിറ്റാണ്ടുകളായി ഫലസ്തീനികള്‍ അനുഭവിക്കുന്നത് ഇസ്രായേല്‍ എന്ന അധിനിവേശകരുടെ ചൂഷണമാണ്. കൂട്ടക്കൊലകളും ഉപരോധവും കൊണ്ട് ചോരക്കളമായി മാറിയ ഫലസ്തീന്‍ ലോകത്തിന്റെയാകെ നൊമ്പരമാണ്. ഇങ്ങ് കേരളത്തിലും അതിന്റെ അലയൊലികളുണ്ടായിട്ടുണ്ട്. ഫലസ്തീനികളുടെ സ്വാതന്ത്ര്യ പോരാട്ടത്തിന് കേരളമണ്ണില്‍നിന്ന് എന്നും പിന്തുണയും പ്രാര്‍ഥനയും ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ അത് രാഷ്ട്രീയചര്‍ച്ചകള്‍ക്കും പാത്രമായിട്ടുണ്ട്. ഇപ്പോഴിതാ, ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഫലസ്തീനിലെ ചെറുത്തുനില്‍പ്പ് സംഘമായ ഹമാസ് പോരാളികള്‍ നടത്തിയ തൂഫാനുല്‍ അഖ്‌സയുടെ അലയൊലിയും കേരള രാഷ്ട്രീയത്തില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഐക്യദാര്‍ഢ്യ സമ്മേളനങ്ങളും പ്രാര്‍ഥനാ സദസ്സുകളും മാത്രമല്ല, കളമശ്ശേരിയിലെ സ്‌ഫോടനപരമ്പരയിലും ഫലസ്തീനെയും ഹമാസിനെയും വലിച്ചിഴച്ചു. ഏറ്റവുമൊടുവില്‍ കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ തന്നെ ഫലസ്തീന്‍ രാഷ്ട്രീയം മാറ്റിമറിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതിന് കാരണവുമുണ്ട്.
ആഗോളതലത്തില്‍ തന്നെ ഇടതുപക്ഷ രാജ്യങ്ങള്‍ ഫലസ്തീനൊപ്പമാണ്. കേരളത്തിലും അതില്‍ വ്യത്യാസമുണ്ടായിട്ടില്ല. ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച് ചിലരെത്തിയപ്പോള്‍ എം എ ബേബിയും എം സ്വരാജുമെല്ലാം അതിരൂക്ഷമായ ഭാഷയിലാണ് പ്രതിരോധിച്ചത്. ഇടയ്ക്ക് കെ കെ ശൈലജയെ പോലുള്ളവരുടെ പരാമര്‍ശങ്ങളുമുണ്ടായെങ്കിലും സിപിഎം ഔദ്യോഗികമായി തന്നെ ഫലസ്തീന്‍ വിഷയത്തില്‍ നിലപാട് പ്രഖ്യാപിച്ചു. ഏരിയാകേന്ദ്രങ്ങളില്‍ പ്രതിഷേധങ്ങള്‍ നടത്തുകയാണ്. ഇതിനിടെയാണ് മുസ് ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് വന്‍ ജനാവലിയെ എത്തിച്ച് ഫലസ്തീന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചത്. ലീഗിന്റെ സമീപകാല സമ്മേളനത്തിലെ അതിഗംഭീരമായ ഒന്നായിരുന്നു മനുഷ്യാവകാശ മഹാറാലി. സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനാ നേതാക്കളെയോ സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയോ സമ്മേളനത്തിന് ക്ഷണിച്ചിരുന്നില്ല. കോണ്‍ഗ്രസ് പക്ഷത്തുനിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെയോ രമേശ് ചെന്നിത്തലയെയോ കെപിസിസി പ്രസിഡന്റ് കെ സുധാകരനെയോ പോലും ക്ഷണിച്ചിരുന്നില്ല. മുഖ്യാതിഥിയായി ക്ഷണിച്ചത് യുഎന്‍ പാരമ്പര്യമുള്ള എഐസിസി നേതാവ് ശശി തരൂരിനെയാണ്. എന്നാല്‍, സമ്മേളനത്തിന്റെയാകെ നിറംകെടുത്തിക്കൊണ്ടാണ് ശശി തരൂര്‍ എംപിയുടെ പരാമര്‍ശമുണ്ടായത്. ഗസയില്‍ ജീവന്‍ കൊടുത്തും പോരാടുന്ന ഹമാസ് പോരാളികളെ ഭീകരവാദികളാക്കിക്കൊണ്ടുള്ള ശശി തരൂരിന്റെ പ്രസംഗം കൂനിന്‍മേല്‍ കുരുവായി.
ഇപ്പോഴിതാ സിപിഎം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സാണ് കേരള രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ ചര്‍ച്ച. സെമിനാറിലേക്ക് സമസ്തയെ ക്ഷണിച്ചെങ്കിലും ആദ്യം ലീഗിനെ ക്ഷണിച്ചിരുന്നില്ല. അതിനു കാരണം, ഏകസിവില്‍ കോഡ് വിഷയത്തില്‍ സിപിഎം നടത്തിയ സെമിനാറില്‍ ലീഗിനെ ക്ഷണിച്ചെങ്കിലും തള്ളിയതായിരുന്നു. ഇതിനിടെയാണ്, അപ്രതീക്ഷിതമായി ലീഗിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണമുണ്ടായത്. സിപിഎം ഔദ്യോഗികമായി ക്ഷണിച്ചാല്‍ അക്കാര്യം ചര്‍ച്ച ചെയ്യുമെന്നായിരുന്നു ഇടിയുടെ പരാമര്‍ശം. ഇതോടെ, സിപിഎം സടകുടഞ്ഞെഴുന്നേറ്റു. സംഘാടക സമിതിക്കു വേണ്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ തന്നെ ലീഗിനെ ഔദ്യോഗികമായി ക്ഷണിച്ചു. യുഡിഎഫില്‍ വിള്ളലുണ്ടാക്കുന്നതിനൊപ്പം മുസ് ലിം മനസ്സും തങ്ങള്‍ക്കൊപ്പം ആക്കാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. പ്രത്യേകിച്ച്, പിണറായി ഭരണത്തില്‍ ജനം മനംമടുത്തിരിക്കുമ്പോള്‍. ഇടിയുടെ വാക്കില്‍ അപകടം മണത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍ പതിവുപോലെ വാതുറന്നു. അത് അതിലേറെ അബദ്ധമായി. അടുത്ത ജന്‍മം പട്ടിയാവുമെന്ന് കരുതി ഇപ്പോഴേ കുരയ്ക്കണോ എന്നായിരുന്നു കെ സുധാകരന്റെ ചോദ്യം. ഇടിയെ പട്ടിയോട് ഉപമിച്ചെന്നത് വന്‍ വിവാദമായി. ലീഗും വിട്ടുകൊടുത്തില്ല. മൃഗങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നില്ലെന്നായി പി എം എ സലാമിന്റെ തിരിച്ചടി. വാക്കുകള്‍ സൂക്ഷിക്കണമെന്നും നേരത്തെയും ഇത്തരം കാര്യം പറഞ്ഞിരുന്നെന്നും സലാം കൂട്ടിച്ചേര്‍ത്തു.