
ബ്ലോക്ക് പ്രസിഡന്റ് പട്ടികയെത്തുടർന്ന് സംസ്ഥാന കോൺഗ്രസിൽ തുടങ്ങിയ തമ്മിലടി പരസ്യ വിഴുപ്പലക്കിലേക്ക്. നേതാക്കൾ നേർക്കുനേർ മറുപടി പറയാൻ തുടങ്ങിയതോടെ പോർവിളിയിലേക്കെത്തി. കോൺഗ്രസിൽ പരസ്‌പര വിശ്വാസം നഷ്ടപ്പെട്ടതായി യുഡിഎഫ് കൺവീനർകൂടിയായ എം എം ഹസ്സൻ കെപിസിസി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ആക്ഷേപിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ദിരാ ഭവനിൽ ഉള്ളപ്പോഴായിരുന്നു ഹസ്സന്റെ കുറ്റാരോപണം. പ്രശ്ന പരിഹാരത്തിനായി ഹൈക്കമാൻഡിനെ സമീപിക്കുമെന്നു പറഞ്ഞ ഹസ്സൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെയും തള്ളിപ്പറഞ്ഞു. ഹൈക്കമാൻഡ് എന്നു പറയുന്നത് താരിഖ് അൻവർ അല്ലെന്ന് ഹസ്സൻ ആക്ഷേപിച്ചു.ഐക്യം തകർത്തത് നേതൃത്വമല്ലെന്നും ഗ്രൂപ്പുകാരാണെന്നും ഹസ്സന് മറുപടിയായി കെ സുധാകരൻ തിരിച്ചടിച്ചു. കെ കരുണാകരന്റെ കാലത്തെ ഗ്രൂപ്പ് പ്രവർത്തനങ്ങളെ ഓർമിപ്പിച്ച കെ മുരളീധരൻ സംയുക്ത ഗ്രൂപ്പ് യോഗത്തെ വീണ്ടും തള്ളിപ്പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടാത്ത പാർടി നേതൃത്വമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന പരോക്ഷ കുറ്റപ്പെടുത്തലും നടത്തി. കൊച്ചിയിൽ മാധ്യമ പ്രവർത്തകരെ കണ്ട പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാർടി പ്രശ്‌നങ്ങൾ സംബന്ധിച്ച ചോദ്യങ്ങളിൽന്നിന്ന് ഒളിച്ചോടി. ‘നോ കമന്റ്‌സ്’ എന്നായി മറുപടി.