
യാത്രക്കാരുടെ കൂട്ടമരണങ്ങൾക്ക് ഇടയാക്കുന്ന വൻ അപകടങ്ങൾ പതിവാകുമ്പോഴും റെയിൽവേയിൽ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത് 3.14 ലക്ഷം തസ്‌തിക. മൊത്തം അംഗീകരിച്ച 14.95 ലക്ഷം തസ്‌തികയുടെ 21 ശതമാനമാണ് ഇത്. ഇതുകൂടാതെ സിഗ്‌നൽ സംവിധാനം നവീകരിക്കാൻ റെയിൽവേ പണം മുടക്കുന്നില്ല. മൊത്തം റെയിൽവേ വിഹിതത്തിന്റെ 10 ശതമാനം മാത്രമാണ് ഇതിനായി നീക്കിവയ്‌ക്കുന്നത്. ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടമൊഴിവാക്കാനുള്ള ‘കവച്’ സാങ്കേതിക സംവിധാനം രാജ്യത്തെ രണ്ടു ശതമാനം ട്രാക്കിൽമാത്രമാണുള്ളത്.ഇപ്പോൾ ദുരന്തമുണ്ടായ കിഴക്കൻ സോണിൽ 30,141 തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്. ലോക്കോപൈലറ്റുമാർ തുടർച്ചയായി 12 മണിക്കൂർവരെ ജോലിചെയ്യേണ്ടിവരുന്നു. ഇതരവിഭാഗം ജീവനക്കാർ ഇതിലേറെ സമയം പണിയെടുക്കേണ്ട സ്ഥിതിയാണ്. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ, നിയമനനിരോധന നയങ്ങളുടെ കൂടി സൃഷ്ടിയാണ് ആവർത്തിക്കുന്ന അപകടങ്ങള്‍.എൻജിനിയർമാർ, ടെക്‌നീഷ്യന്മാർ, സ്‌റ്റേഷൻ മാസ്റ്റർമാർ എന്നിവരുടെ അടക്കം തസ്‌തികകളാണ് വർഷങ്ങളായി ഒഴിച്ചിട്ടിരിക്കുന്നത്. ഉത്തരറെയിൽവേയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ– -38,754 എണ്ണം. മധ്യ റെയിൽവേയിൽ ഒഴിച്ചിട്ടിരിക്കുന്ന 28,650 തസ്‌തികയിൽ പകുതിയോളം സുരക്ഷാവിഭാഗത്തിലാണ്. ട്രെയിൻ സർവീസ് ഉൾപ്പെടെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രം സുരക്ഷാവിഭാഗത്തെ പൂർണമായും അവഗണിക്കുന്നു. ദക്ഷിണ റെയിൽവേയിൽ ലോക്കോപൈലറ്റുമാരുടെ 392 തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു.