
താരിഫിൻ്റെ പേരിൽ അമേരിക്കയുമായുള്ള ബന്ധം ഉലയുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തുന്നു. 31, സെപ്റ്റംബർ 1 തീയതികളിൽ ചൈനയിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഗൽവാൻ സംഘർഷത്തിനു ശേഷം മോദിയുടെ ആദ്യ ചൈന സന്ദർശനമാകുമിത്. കഴിഞ്ഞ വർഷം ജി20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഷി ജിൻപിങും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു രാജ്യങ്ങളും അതിർത്തിയിൽ സേന പിൻമാറ്റത്തിന് അടക്കം ധാരണയുമുണ്ടാക്കിയിരുന്നു. ബ്രിക്സ് രാജ്യങ്ങളോട് ഡോണൾഡ് ട്രംപ് നിലപാട് കടുപ്പിക്കുമ്പോഴാണ് ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ മോദിയുടെ നീക്കം

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക ഉപരോധം നേരിടുന്ന ക്യൂബയെ സഹായിക്കുന്നതിന് വേണ്ടിയുള്ള ക്യൂബൻ സോളിഡാരിറ്റി ഫണ്ട് വർഗ്ഗ ബഹുജന സംഘടനകളിൽ നിന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഏറ്റുവാങ്ങി. പാർടി സംസ്ഥാന സെക്രട്ടറിയും ക്യൂബൻ ഐക്യദാർഢ്യ സമിതി ചെയർമാനുമായ എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്യൂബൻ ഐക്യദാർഡ്യ സമിതി കൺവീനർ എം വിജയകുമാർ സ്വാഗതം പറഞ്ഞു. വിവിധ വർഗ്ഗ ബഹുജന സംഘടനകൾ സമാഹരിച്ച 01 കോടി 29 ലക്ഷം രൂപയാണ് കൈമാറിയത്.


നൂതന തൊഴിൽ മേഖലകളിൽ യുവതയുടെ ഇടം സൃഷ്ടിക്കാനാവണം: മന്ത്രി ഡോ. ബിന്ദു
മാറുന്ന ലോകക്രമത്തിനിടയിൽ പുതിയ അവസരങ്ങളും തൊഴിൽ സാധ്യതകളും അവയിലേക്ക് എത്തിച്ചേരാനുള്ള വിവിധങ്ങളായ മാർഗ്ഗങ്ങളും അതിവേഗം തിരിച്ചറിയണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ബഹു. മുഖ്യമന്ത്രി അദ്ധ്യക്ഷനായ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ ദിശ പദ്ധതി സംസ്ഥാന തലത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിൽ അന്വേഷകരായ വിദ്യാർഥികളെ കോളേജ് തലത്തിൽ തന്നെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി (കൈല) ആരംഭിച്ച പദ്ധതിയാണ് ദിശ. 2023ൽ ആരംഭിച്ച പദ്ധതി നാളിതുവരെ 77 സർക്കാർ – എയ്ഡഡ് കോളേജുകളിൽ 5500ത്തോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടപ്പാക്കി.

നീരമൻകര എൻ.എസ്.എസ് വനിതാ കോളേജിൽ നടന്ന പരിപാടിയിൽ കൈല ഡയറക്ടർ ശ്രീധന്യ സുരേഷ് ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ദേവിക സ്വാഗതഭാഷണം നടത്തി. കൈല ഗവേണിങ് ബോഡി അംഗമായ ഡോ. ഫസീല തരകത്ത്, നയനീതി പോളിസി കളക്ടീവ് പ്രതിനിധിയായ ജാവേദ് ഹുസൈൻ, കൈല പ്രോജക്ട് മാനേജർ കാർത്തിക് ഗോപാൽ, എൻ എസ് എസ് കോളേജ് കരിയർ ഗൈഡൻസ് സെൽ കോർഡിനേറ്റർ പ്രൊഫ. മഞ്ജരി എസ് എന്നിവർ സംസാരിച്ചു.കൈലയും നയനീതി പോളിസി കളക്ടീവും ചേർന്ന് കേരളത്തിലെ തെരഞ്ഞെടുത്ത 60 കോളേജുകളിൽ ദിശ കരിയർ ഗൈഡൻസ് വർക്ക് ഷോപ്പുകൾ ഈ വർഷം സംഘടിപ്പിക്കും.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍
മുഖ്യമന്ത്രിയുടെ ഓഫീസ്
06/08/2025
————————
മെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീകാരം
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും.
41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും.
മെഡിസെപ് ഒന്നാം ഘട്ടത്തിൽ കുറ്റാസ്ട്രോഫിക് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്ന 2 ചികിത്സ (Cardiac Resynchronisation Therapy (CRT with Defryibillator – 6 lakh, ICD Dual Chamber – 5 lakh) ഒഴിവാക്കിയിരുന്നു. ഇതുകൂടി അധിക പാക്കേജിൽ ഉൾപ്പെടുത്തും. കാൽമുട്ട് മാറ്റിവെയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ അടിസ്ഥാന ബെനിഫിറ്റ് പാക്കേജിൽ ഉൾപ്പെടുത്തും.
പദ്ധതിയില്‍ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും. ഇതിന് ഇൻഷുറൻസ് കമ്പനി 2 വർഷത്തേക്ക് 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കി വെയ്ക്കണം.
അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ 1% വരെ മുറി വാടക (5000/day). സർക്കാർ ആശുപത്രികളിൽ പേ വാർഡ് വാടക പ്രതിദിനം 2000 രൂപ വരെ.
സംസ്ഥാനത്തെ വിവിധ പൊതു മേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവയിലെ ഇ.എസ്.ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെൻഷൻകാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് തത്വത്തിൽ അംഗീകാരം നൽകി.
പോളിസി കാലയളവ് നിലവിലുള്ള 3 വര്‍ഷത്തില്‍ നിന്ന് 2 വർഷമാക്കി. രണ്ടാം വർഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർദ്ധനവ് ഉണ്ടാകും.
മെഡിസെപ് ഒന്നാം ഘട്ടത്തിൽ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ മാത്രം രണ്ടാം ഘട്ടം ടെണ്ടറിംഗ് നടപടികളിൽ പങ്കെടുപ്പിക്കും.
നോൺ എംപാനൽഡ് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകൾക്ക് റീ-ഇംപേഴ്സ്മെന്റ് അനുവദിക്കുന്ന വ്യവസ്ഥയിൽ നിലവിലുള്ള 3 ചികിത്സകൾ (ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം) കൂടാതെ 10 ചികിത്സകൾ കൂടി ഉൾപ്പെടുത്തും.
തുടർച്ചയായി ചികിത്സ തേടേണ്ട ഡേ കെയർ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഇൻഷ്വറൻസ് പോർട്ടലിൽ One time registration അനുവദിക്കും. ഒരേ സമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾ ക്ലബ് ചെയ്ത് അംഗീകാരം നൽകും.

പ്രീ ഹോസ്പിറ്റലൈസേഷൻ, പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ യഥാക്രമം 3, 5 ദിവസങ്ങൾ എന്നിങ്ങനെ ലഭ്യമാക്കും.
ജില്ലാതലം, സംസ്ഥാന തലം, അപ്പലെറ്റ് അതോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം നിലവില്‍ വരും.
ഗുണഭോക്താക്കളുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി മെഡിസെപ്പ് കാർഡിൽ QR code സംവിധാനം ഉൾപ്പെടുത്തും.
കരാറിൽ നിന്നും വ്യതിചലിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന തരത്തിലുള്ള SOP (Standard Operating Procedure) ഇൻഷ്വറൻസ് കമ്പനി തയാറാക്കേണ്ടതാണ്. അധിക ബിൽ ഈടാക്കുക തുടങ്ങിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ചൂഷണങ്ങൾ നിയന്ത്രിക്കുന്നതിന് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് അതോറിറ്റിയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.
ഒന്നാം ഘട്ടത്തില്‍ ഇതുവരെ (01.07.2025 വരെ)
- 1,052,121 ക്ലയിമുകൾക്ക് 1911.22 കോടി
- 2256 അവയവമാറ്റ ചികിത്സ ക്ലയിമുകൾക്ക് – 67.56 കോടി
- 1647 റിഇമെഴ്സ്മെന്റ്റ് ക്ലയിമുകൾക്ക് – 9.61 കോടി
കമ്പനിക്ക് അനുവദിച്ച തുക (18% ജി എസ് ടി ഉൾപ്പെടെ )-1950.00
കോടി - ജി എസ് ടി ഒഴികെയുള്ള യഥാർഥ പ്രിമിയം -1599.09 കോടി
കരട് ഓര്‍ഡിനന്‍സ് അംഗീകരിച്ചു
കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട 2021ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല ആക്റ്റിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓര്‍ഡിനന്‍സ് മന്ത്രിസഭായോഗം അംഗീകരിച്ചു. 11-ാം വകുപ്പിൻ്റെ (3), (4), (6) ഉപവകുപ്പുകൾ 2018 ലെ യു.ജി.സി ചട്ടങ്ങൾക്കും, സമീപകാലത്തുണ്ടായ കോടതി ഉത്തരവുകൾക്കും അനുസൃതമായി ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓർഡിനൻസാണ് അംഗീകരിച്ചത്. ഓര്‍ഡിനന്‍സ് വിളംബരപ്പെടുത്തുന്നതിന് ഗവർണ്ണറോട് ശിപാർശ ചെയ്യാനും തീരുമാനിച്ചു.
സ്വാതന്ത്യ ദിനാഘോഷം; സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കും
സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. ജില്ലാ ആസ്ഥാനങ്ങളിൽ പങ്കെടുത്ത് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാര്‍.
കൊല്ലം – വി. ശിവൻകുട്ടി
പത്തനംതിട്ട – വീണാ ജോർജ്ജ്
ആലപ്പുഴ – സജി ചെറിയാൻ
കോട്ടയം – ജെ. ചിഞ്ചുറാണി
ഇടുക്കി – റോഷി അഗസ്റ്റിൻ
എറണാകുളം – പി. രാജീവ്
തൃശൂർ – ആർ. ബിന്ദു
പാലക്കാട് – എം.ബി. രാജേഷ്
മലപ്പുറം – കെ. രാജൻ
കോഴിക്കോട് – എ.കെ. ശശീന്ദ്രൻ
വയനാട് – ഒ.ആർ. കേളു
കണ്ണൂർ – രാമചന്ദ്രൻ കടന്നപ്പള്ളി
കാസർഗോഡ് – കെ. കൃഷ്ണൻകുട്ടി

പുനര്‍നിയമനം
സംസ്ഥാന ആസുത്രണ ബോര്‍ഡ് എക്സ്പേര്‍ട്ട് മെമ്പറായി അന്യത്ര സേവന വ്യവസ്ഥയില്‍ സേവനമനുഷ്ഠിച്ചുവരവെ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും വിരമിച്ച പ്രൊഫ. മിനി സുകുമാറിന് ആസുത്രണ ബോര്‍ഡ് എക്സ്പേര്‍ട്ട് മെമ്പറായി പുനര്‍നിയമനം നല്‍കും.
തസ്തിക
എറണാകുളം നായരമ്പലം ഭഗവതി വിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് ബാച്ചിൽ മൂന്ന് എച്ച്.എസ്.എസ്.റ്റി തസ്തികകളും രണ്ട് എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളും ഒരു ലാബ് അസിസ്റ്റന്റ് തസ്തികയും പുതുതായി സൃഷ്ടിക്കും. ഒരു എച്ച്.എസ്എസ്.റ്റി-ജൂനിയർ (ഇംഗ്ലീഷ്) തസ്തിക എച്ച്.എസ്.എസ്.റ്റി (ഇംഗ്ലീഷ്) തസ്തികയായി ഉയർത്തും.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടേറിയറ്റ് ഇലക്ട്രോണിക്സ് വിഭാഗം സെക്ഷൻ ഓഫീസിൽ നിലനിൽക്കുന്ന അധിക ജോലി ഭാരം പരിഗണിച്ച്, രണ്ട് എഞ്ചിനീയറിംഗ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കും.
ഇളവ് അനുവദിക്കും
നഗരസഭകള്‍, നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി പ്രകാരമുള്ള വീടും സ്ഥലവും അതിദരിദ്ര കുടുംബങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങളില്‍ ഇളവ് അനുവദിക്കും.
സബ്‌സിഡി മാർഗ്ഗരേഖയിലെ ഭൂമി വാങ്ങുന്നതും ഭവന നിർമ്മാണത്തിന് ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമാണ് ഇളവ് അനുവദിക്കുക.
ഭവന നിർമ്മാണത്തിനുള്ള ഭൂമിയിൽ ബന്ധപ്പെട്ട കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ച് ഭവന നിർമ്മാണം നടത്താൻ സാധിക്കുന്നതാണെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന നിബന്ധനയോടെ ഭവന നിർമ്മാണത്തിന് ധനസഹായം നല്കുന്നതിന് ആവശ്യമായ ഭൂമിയുടെ കുറഞ്ഞ വിസ്തൃതി 3 സെൻ്റിൽ നിന്നും 2 സെൻ്റായി കുറയ്ക്കും.
വീട് നിർമ്മാണത്തിന് റവന്യു ഭൂമിയോ മറ്റൊരു തരത്തിലുമുള്ള ഭൂമിയോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രം, ആവശ്യമായ ഭൂമി വാങ്ങുന്നതിന് നിലവിൽ അനുവദിക്കുന്ന തുകയ്ക്ക് ഉപരിയായി ആവശ്യകതയ്ക്കനുസരിച്ച് വ്യവസ്ഥകൾക്ക് വിധേയമായി അതിദരിദ്ര കുടുംബങ്ങൾക്ക് മാത്രമായി പരമാവധി 2 ലക്ഷം രൂപ കൂടി നല്‍കും. വീടോ ഭൂമിയോ കിട്ടുന്നവര്‍ 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ല.
ശമ്പള സ്കെയില്‍
ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളുകളില്‍ പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിക്കുന്നതിന് മുമ്പ് പ്ലെയിസ്ഡ് പ്രിന്‍സിപ്പല്‍മാരായി ജോലി ചെയ്തിരുന്ന 18 പേര്‍ക്ക് കൂടി ഹയര്‍സെക്കന്‍ററി പ്രിന്‍സിപ്പല്‍ തസ്തികയുടെ ശമ്പള സ്കെയില്‍ അനുവദിക്കും. 2006 ജനുവരി 06 മുതല്‍ പ്രബല്യമുണ്ടാകും.
തുടർച്ചാനുമതി
ഇടുക്കി ജില്ലയിലെ ഇടുക്കി, കരിമണ്ണൂർ, കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം, രാജകുമാരി എന്നീ 6 പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെയും തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ (എൽ.എ) യൂണിറ്റ് നമ്പര്‍ 1 സ്പെഷ്യല്‍ തസഹസില്‍ദാരുടെ കാര്യാലയത്തിലെയും 29 തസ്തികകൾ ഉള്‍പ്പെടെ 203 താല്ക്കാലിക തസ്തികകളും ഇടുക്കി ജില്ലയിലെ പീരുമേട് ഭൂമി പതിവ് ഓഫീസിലെ 19 താല്ക്കാലിക തസ്തികകളും ഉൾപ്പെടെ ആകെ 222 താല്ക്കാലിക തസ്തികകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഒരു വർഷത്തേയ്ക്ക് തുടർച്ചാനുമതി നൽകി.
ഇടുക്കി ജില്ലയിലെ പീരുമേട് പ്രത്യേക ഭൂമി പതിവ് ഓഫീസിലെ 19 തസ്തികകളിൽ ഡെപ്യൂട്ടി തഹസിൽദാർ – 1, സീനിയർ ക്ലർക്ക്/എസ്.വി.ഒ. ജൂനിയർ ക്ലർക്ക്/വി.എ. തസ്തികകളിൽ നടത്തേണ്ടത്. 2, ടൈപ്പിസ്റ്റ് – 1, പ്യൂൺ – 1 എന്നീ 8 താല്കാലിക ജോലിക്രമീകരണ വ്യവസ്ഥയിലായിരിക്കണം നിയമനം നടത്തേണ്ടത്.
പീരുമേട് ഭൂമി പതിവ് ഓഫീസ് ഒഴികെ മറ്റ് ഓഫീസുകളിൽ ജോലിക്രമീകരണ വ്യവസ്ഥയിലുള്ള നിയമനങ്ങൾ അനുവദിക്കില്ല.
ഭൂമി പതിവ് ഓഫീസുകളുടെ പ്രവർത്തന പുരോഗതി കൃത്യമായ ഇടവേളകളിൽ ലാൻഡ് റവന്യൂ കമ്മീഷണർ അവലോകനം ചെയ്ത് സർക്കാരിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
പട്ടയം നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ ത്വരിതപ്പെടുത്തണം.

ഉത്തരാഖണ്ഡിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ കേരളമാകെ ദുരിതബാധിതർക്കൊപ്പം ചേർന്നു നിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് അയച്ച കത്തിലൂടെ അറിയിച്ചു.രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ നടപടികൾക്കും കേരളത്തിലെ ജനങ്ങളുടെ ഐക്യദാർഢ്യവും പിന്തുണയും ഉണ്ടാകുമെന്നും ആവശ്യമായ സഹായം നൽകാൻ കേരള സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തത്തിൽ കുടുങ്ങിയിരിക്കുന്നവരിൽ കേരളത്തിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ശ്രദ്ധയില്‍പ്പെടുത്തി. ഇതിന്റെ പശ്ചാത്തലത്തിൽ ദുരന്തത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമാവുന്നമുറക്ക് കേരള സർക്കാരിനെ അറിയിക്കണമെന്നും ആവശ്യമായ ഇടപെടൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു.

ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനത്തിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പം കേരളം – മുഖ്യമന്ത്രി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്തയച്ചു.
കണ്ണൂർ സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വമ്പൻ ജയം. തുടർച്ചയായ ഇരുപത്തിയാറാം വർഷവും എല്ലാ സീറ്റുകളിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.

കെഎസ്‌യു–– എംഎസ്എഫ് മഴവിൽ സഖ്യത്തെയാണ് എസ്എഫ്ഐ സ്ഥാനാർഥികൾ തോൽപ്പിച്ചത്.
ചെയർമാനായി പാലയാട് ക്യാമ്പസിലെ നന്ദജ് ബാബുവും വൈസ് ചെയർമാനായി എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ. കോളേജിലെ എം ദിൽജിത്തും തെരഞ്ഞെടുക്കപ്പെട്ടു. മാടായി കോ– ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അൽന വിനോദാണ് ലേഡി വൈസ് ചെയർപേഴ്സൺ. ജനറൽ സെക്രട്ടറിയായി തളിപ്പറമ്പ് കിലയിലെ കവിത കൃഷ്ണനും ജോയിന്റ് സെക്രട്ടറിയായി ബ്രണ്ണൻ കോളേജിലെ കെ ആദിഷയും കണ്ണൂർ ജില്ലാ എക്സിക്യുട്ടിവായി പിലാത്തറ കോ–ഓപ്പറേറ്റീവ് കോളേജിലെ പി കെ ശ്രീരാഗ് വിജയിച്ചു. രാവിലെ മുതൽ തെരഞ്ഞെടുപ്പ് നടന്ന താവക്കര ക്യാമ്പസിൽ പുറത്തുനിന്നുള്ള ലീഗ് യൂത്ത്‌കോൺഗ്രസുകാരുടെ പിന്തുണയിൽ കെഎസ്‍യു –-എംഎസ്എഫ്ക്കാർ അക്രമം അഴിച്ചുവിട്ടിരുന്നു. എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസിനെയും ആക്രമിച്ചു. പ്രകോപനമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കെഎസ്‌യു- എംഎസ്എഫ് സഖ്യത്തിന് വൻ തിരിച്ചടി നൽകി എസ്‌എഫ്‌ഐക്ക് ചരിത്ര വിജയം നൽകിയ വിദ്യാർഥികളെ എസ്‌എഫ്‌ഐ അഭിവാദ്യം ചെയ്‌തു.

സമഗ്രവികസനവും ടൂറിസം മേഖലയിലെ പുരോഗതിയുമാണ് പാലങ്ങളുടെ നിർമാണത്തിലൂടെ ലക്ഷ്യമിടുന്നത്: മന്ത്രി പി.എ മുഹമ്മദ് റിയാസ്
ചിറ്റാർ, പന്നിക്കുഴി, പൊന്നാംചുണ്ട് പാലങ്ങളുടെ നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു

പ്രദേശത്ത് സമഗ്രവികസനവും ടൂറിസം മേഖലയിലെ പുരോഗതിയുമാണ് മൂന്ന് പാലങ്ങളുടെയും നിർമാണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അരുവിക്കര നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ് യാഥാർത്ഥ്യമാകാൻ പോകുന്നതെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചിറ്റാർ, പന്നിക്കുഴി, പൊന്നാംചുണ്ട് പാലങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയോര ജനതയുടെ സ്വപ്നമായിരുന്ന മൂന്നു പാലങ്ങളാണ് യാഥാർഥ്യമാകുന്നത്. അപകടകരവും ശോചനീയ അവസ്ഥയിലുമായിരുന്ന ചിറ്റാർ പാലം, പന്നിക്കുഴി പാലം, പൊന്നം ചുണ്ട് പാലം എന്നിവിടങ്ങളിലാണ് പുതിയ പാലങ്ങൾ വരുന്നത്. മലയോര മേഖലയിലെ പൊതുഗതാഗതത്തിന് ഏറെ മാറ്റങ്ങൾ വരുന്നതാണ് പുതിയ പാലങ്ങൾ. മലയോര ജനതയുടെ ഈ സന്തോഷ നിമിഷങ്ങൾക്ക് ഒപ്പം ചേരാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന് ഏറെ പ്രത്യേകത നിറഞ്ഞ ദിവസമാണിത്. ഒരു ദിവസം തന്നെ ഒരു നിയമസഭാ മണ്ഡലത്തിലെ മൂന്ന് പാലങ്ങളുടെ നിർമ്മാണ പ്രവൃത്തിക്ക് തുടക്കമിടുകയാണ്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ അഞ്ചു വർഷത്തിനുള്ളിൽ നൂറു പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ കഠിനമായ പ്രവർത്തനത്തിലൂടെ നാലുവർഷംകൊണ്ട് തന്നെ ആ ലക്ഷ്യം നേടാൻ സാധിച്ചു. ഈ മാസം തന്നെ കേരളത്തിൽ 150 പാലങ്ങൾ തികയ്ക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

വിതുര -പൊന്മുടി റോഡിൽ 1905 ൽ നിർമിച്ച 8.5 മീറ്റർ നീളവും 1.7 മീ റ്റർ വീതിയും ഉള്ള ആർച്ച് ബ്രിഡ്ജാണ് ചിറ്റാർ പാലം. പഴയ പാലം പൊളിച്ചുമാറ്റി നടപ്പാതയോട് കൂടിയതും രണ്ടുവരി ഗതാഗതത്തിലുമുള്ള പുതിയപാലമാണ് നിർമിക്കുന്നത്. ഇരുവശത്തും ഫുട്പാത്ത് അടക്കം 75.9 മീറ്റർ നീളത്തിലും 1 മീറ്റർ വീതിയിലും മൂന്ന് സ്പാനോട് കൂടിയ പി എസ് ജി ഗിർഡർ ആൻഡ് സ്ലാബ് ഇന്റഗ്രേറ്റഡ് ബ്രിഡ്ജായാണ് പുനർനിർമിക്കുന്നത്.
ഇരുവശങ്ങളിലും നിലവിലുള്ള റോഡുമായി ബന്ധിപ്പിക്കുന്നതിന് 100 മീറ്റർ വീതം നീളമുള്ള അനുബന്ധ റോഡുകളും എസ്റ്റിമേറ്റിലുണ്ട്.
61.6 മീറ്റർ നീളത്തിൽ 3 സ്‌പാൻ പാലമായും 44.48 മീറ്റർ നീളത്തിൽ ബോക്സ് കൾവർട്ടായിട്ടാണ് പുതിയ പൊന്നാംചുണ്ട് പാലം. ആകെ നീളം 106 മീറ്ററാണ്.11 മീറ്റർ വീതിയും ഇരുവശങ്ങളിലുമായി 600 മീറ്റർ നീളത്തിൽ അനുബന്ധ റോഡുമുണ്ട്. തെന്നൂർ പെരിങ്ങമല പ്രദേശത്തെ വിതുര പൊന്മുടി പ്രദേശവുമയി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.
പന്നിക്കുഴി പാലം പൂർത്തിയാകുന്നതോടെ ഈ പ്രദേശത്തെ ആദിവാസി ഉന്നതികളിൽപ്പെട്ടവർ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് ഏറെ ആശ്വാസമാകും. പുതിയ പാലത്തിന് ഇരുവശങ്ങളിലും ഫുട്പാത്തുള്ള രീതിയിൽ 65.49 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും മൂന്ന് സ്‌പാനോടുകൂടി പി എസ് ജി ഗിർഡർ ആൻഡ് സ്ലാബ് ഇന്റഗ്രേറ്റഡ് ബ്രിഡായിട്ടാണ് ഈ പാലവും നിർമിക്കുക. ഇരു വശങ്ങളിലുമായി നിലവിലുള്ള റോഡുമായി ബന്ധിപ്പിക്കുന്നതിന് 250 മീറ്റർ നീളമുള്ള അനുബന്ധ റോഡുമുണ്ടാകും.
വിതുര കലുങ്ക് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ജി സ്റ്റീഫൻ എം. എൽ. എ അധ്യക്ഷത വഹിച്ചു. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ മഞ്ജുഷ ജി.ആനന്ദ്, ജില്ലാ പഞ്ചായത്ത് അംഗം എ. മിനി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. എൽ. കൃഷ്ണകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. എസ്. സന്ധ്യ എന്നിവർ പങ്കെടുത്തു.
