കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരേ കർശന താക്കീതോടെ ഈ മാസം 9ന് കാസർഗോഡ് നിന്നു തുടങ്ങിയ കെപിസിസി സമരാഗ്നി പ്രക്ഷോഭ യാത്രയ്ക്ക് ഇന്നു സമാപനം. വൈകുന്നേരം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണു സമാപനം. 22 ദിവസങ്ങളായി 14 ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയ ജാഥ മുഴുവൻ ജില്ലകളിലും ജനസമ്പർക്ക പരിപാടികളും ഒരുക്കിയിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനവിചാരണയായിരുന്നു ഈ പരിപാടിയിലൂടെ നടന്നത്. വിവിധ ജില്ലകളിലായി പത്തു ലക്ഷത്തോളം പ്രവർത്തകർ ജാഥയുടെ ഭാഗമായിട്ടുണ്ടാവും എന്നാണ് കണക്കാക്കുന്നത്.പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻചാണ്ടി നഗറിൽ നടക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ദേവന്ദ റെഡ്ഡി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയാകും. ഫെബ്രുവരി 9ന് കാസർഗോഡ് നിന്നാണ് സമരാഗ്നിക്ക് തുടക്കം കുറിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെയായിരുന്നു യാത്ര. അതേസമയം സമരാഗ്നിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാളയം മുതൽ പുത്തരിക്കണ്ടം മൈതാനം വരെ ഉച്ചയ്ക്ക് മൂന്ന് മുതലാണ് നിയന്ത്രണം. തിരക്കനുഭവപ്പെട്ടാൽ വാഹനങ്ങൾ വഴി തിരിച്ചു വിടുമെന്നും അറിയിച്ചിട്ടുണ്ട്.കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതകൃത്വത്തിലായിരുന്നു ജാഥ. കേരളത്തിൽ നിന്നുള്ള പ്രവർത്തക സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർപങ്കെടുത്തിരുന്നു.
ലോകായുക്ത നിയമ ഭേദഗതി ബിൽ അംഗീകരിച്ചുകൊണ്ടുള്ള രാഷ്ടപതിയുടെ തീരുമാനം ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇതോടെ ലോകായുക്ത നിയമം തന്നെ അക്ഷരാർത്ഥത്തിൽ ഇല്ലാതായിരിക്കുകയാണ്. ലോക്പാൽ നിയമം വരുന്നതിനു മുൻപാണ് കേരള ലോകായുക്ത നിയമം നിലവിൽ വന്നത്. അതുകൊണ്ട് സംസ്ഥാനങ്ങൾ ഇതുപോലെ സമാനമായ നിയമങ്ങൾ പാസാക്കിയിട്ടുണ്ടെങ്കിൽ അതിനെ മറികടക്കാനില്ലെന്ന് ലോക്പാൽ നിയമത്തിൽ തന്നെ പറയുന്നുണ്ട്. കർണാടക ലോകായുക്ത നിയമത്തിൽ സമാനമായ നിരവധി പ്രൊവിഷനുകൾ കാണാൻ കഴിയും. അതിനാൽ, സെക്‌ഷൻ 14ൽ വരുത്തിയിരിക്കുന്ന ഈ ഭേദഗതി സംസ്ഥാനത്തെ അഴിമതി നിരോധന നിയമത്തെ കശാപ്പു ചെയ്യുന്ന ഒന്നായിട്ട് മാത്രമേ കാണാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.ഒരു ജുഡീഷ്യൽ ഓർഡർ ഡെലിഗേറ്റ് ചെയ്യാൻ വേണ്ടി എക്സിക്യൂട്ടീവിന് അപ്പലേറ്റ് അതോറിറ്റി നൽകുന്നത് ഭരണഘടനാവിരുദ്ധമാണ്. ലോകായുക്ത ഒരു ക്വാസി ജുഡീഷ്യൽ ബോഡിയാണ്. ലോകായുക്ത തീരുമാനമെടുത്തു കഴിഞ്ഞാൽ അതിന്റെ അപ്പീൽ പോകേണ്ടത് ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോയാണ്. ഇവിടെ, അപ്പലേറ്റ് അതോറിറ്റി ആയ മന്ത്രിമാരുടെ അപ്പലേറ്റ് അതോറിറ്റി മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്കു മേലുള്ള അപ്പലേറ്റ് അതോറിറ്റി നിയമസഭയുമായി മാറുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.