EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



 എറണാകുളം കൊച്ചിയിൽ മെട്രോ ട്രാക്കിന് മുകളിൽ നിന്ന് ചാടിയ യുവാവ് മരിച്ചു…

തൃപ്പൂണിത്തുറ വടക്കേക്കൊട്ടയില്‍ യുവാവ് മെട്രോ ട്രാക്കില്‍നിന്ന് ചാടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് ചാടിയത്. താഴെയുള്ള റോഡില്‍ വീണ നിസാറിന് ഗുരുതര പരിക്കേറ്റു. നിസാര്‍ ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന ചാടിയാല്‍ രക്ഷിക്കാനുള്ള സംവിധാനങ്ങള്‍ അടിയില്‍ ഒരുക്കിയിരുന്നു. എന്നാല്‍, നിസാറിനെ സുരക്ഷിതനാക്കാന്‍ സാധിച്ചില്ല. നിസാര്‍ ട്രാക്കില്‍ കയറിയതിനാല്‍ വൈദ്യുത ലൈനുകള്‍ ഓഫ് ചെയ്യുകയും മെട്രോ സര്‍വീസുകള്‍ നിര്‍ത്തുകയും ചെയ്തിരുന്നു.എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയ നിസാര്‍ ടിക്കറ്റെടുത്ത ശേഷം സ്റ്റേഷനുള്ളിലേക്ക് കയറി. ആലുവ ഭാ​ഗത്തേക്ക് പോകുന്ന ട്രെയിനുകൾ നിർത്തുന്ന പ്ലാറ്റ്ഫോമിൽ കുറച്ച് സമയം നിന്ന ശേഷം ട്രാക്കിലേക്ക് ചാടുകയായിരുന്നു. ഇത് കണ്ട ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ഇയാള്‍ വഴങ്ങിയിരുന്നില്ല. ഉടൻ തന്നെ ജീവനക്കാർ വൈദ്യുതി ലൈൻ ഓഫ് ചെയ്തു. നിസാര്‍ ട്രാക്കിലൂടെ ഏറെ ദൂരം മുന്നോട്ട് പോകുകയും പില്ലർ നമ്പർ 1013ന് അടുത്തെത്തി താഴെ റോഡിലേക്ക് ചാടുകയുമായിരുന്നു.

അനധികൃതമായി വിട്ടുനില്‍ക്കുന്ന 601 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി; 84 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു.

തിരുവനന്തപുരം: അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരേയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 157 ഡോക്ടര്‍മാര്‍ക്കെതിരേയും നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 81 ഡോക്ടര്‍മാരേയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 3 ഡോക്ടര്‍മാരേയും ഉള്‍പ്പെടെ 84 ഡോക്ടര്‍മാരെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പിരിച്ചു വിട്ടു. ബാക്കിയുള്ളവര്‍ക്കെതിരേയുള്ള നടപടികള്‍ വിവിധ ഘട്ടങ്ങളിലാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ കഴിഞ്ഞ ദിവസം പിരിച്ച് വിട്ടതിന് പുറമേയാണിത്.

‘അടിക്കു തിരിച്ചടി കൊടുക്കണം’; യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ 50% തീരുവ ഏര്‍പ്പെടുത്തണമെന്ന് ശശി തരൂര്‍

ഇന്ത്യയ്ക്ക് 50% തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്ക് പകരമായി യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കുത്തനെ ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. യുഎസ് ഇറക്കുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തണമെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.യുഎസ് തീരുവ ഉയര്‍ത്തിയ നടപടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇന്ത്യ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ ഫലം കണ്ടില്ലെങ്കില്‍ യുഎസ് ഇറക്കുമതികള്‍ക്ക് തീരുവ അന്‍പത് ശതമാനമാക്കി ഉയര്‍ത്തണം. തീരുവ ഉയര്‍ത്തുന്നതില്‍ അമേരിക്ക ചൈനക്ക് 90 ദിവസത്തെ സമയപരിധി നല്‍കി. എന്നാല്‍ നമുക്ക് നല്‍കിയത് മൂന്നാഴ്ച മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നിലവില്‍ യുഎസ് ഇറക്കുമതിക്ക് പതിനേഴ് ശതമാനം തീരുവയാണ് ഈടാക്കുന്നത്. അത് മാറ്റി യുഎസ് ഇറക്കുമതികള്‍ക്ക് തീരുവ അന്‍പത് ശതമാനമാക്കി ഉയര്‍ത്തണം. നമ്മോട് യുഎസ് അങ്ങനെ ചെയ്താല്‍ തിരിച്ചും അതേ രീതിയില്‍ ചെയ്യണമെന്നും തരൂര്‍ പറഞ്ഞു.റഷ്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്കാള്‍ കുറഞ്ഞ വിലയ്ക്ക് എണ്ണയും പ്രകൃതി വാതകങ്ങളും ലഭിക്കുന്നത്. രാജ്യത്തിന്റെ വികസനപ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞു.

തീരുവ കുത്തനെ ഉയര്‍ത്തിയ അമേരിക്കയുടെ നിലപാടിനെതിരെ മോദിയും പരോക്ഷമായി രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ താല്‍പര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനത്തിന് വലിയ വില നല്‍കേണ്ടി വന്നേക്കാമെങ്കിലും കര്‍ഷകര്‍ക്കായി അതിനു തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘കര്‍ഷകരുടെ താല്‍പര്യത്തിനാണ് നമ്മുടെ ഏറ്റവും വലിയ മുന്‍ഗണന. കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പര്യങ്ങളില്‍ ഒരിക്കലും രാജ്യം വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് എനിക്ക് വ്യക്തിപരമായി വലിയ വില നല്‍കേണ്ടി വന്നേക്കാം. പക്ഷേ, ഞാന്‍ തയാറാണ്’പ്രധാനമന്ത്രി പറഞ്ഞു.കഴിഞ്ഞ ആഴ്ച ചുമത്തിയ 25% പകരം തീരുവ യുഎസ് ഇരട്ടിയാക്കിയിരുന്നു. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാണ് തീരുവ 50 ശതമാനമാക്കിയത്. ആദ്യം പ്രഖ്യാപിച്ച 25% തീരുവ ഇന്ന് പ്രാബല്യത്തില്‍ വരും. ഇന്നലെ പ്രഖ്യാപിച്ച 25% തീരുവ ഓഗസ്റ്റ് 27നും. തീരുവ വര്‍ധിപ്പിച്ചതോടെ കയറ്റുമതി മേഖല വലിയ തിരിച്ചടി നേരിടും.

ജി പ്രിയങ്ക ജില്ലാ കളക്ടറായി ഇന്ന് ചുമതലയേൽക്കും

എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി ജി പ്രിയങ്ക ഇന്ന്‌ (7) രാവിലെ 11 ന് ചുമതലയേൽക്കും. പാലക്കാട്‌ ജില്ലാ കളക്ടറായിരുന്നു. നിലവിലെ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആയി പോകുന്ന ഒഴിവിലാണ് ജി പ്രിയങ്ക എറണാകുളത്തേക്ക് സ്ഥലം മാറ്റം ലഭിച്ച് പുതിയ ജില്ലാ സാരഥിയാകുന്നത്.

ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

ഗവേഷണ വികസന ഉച്ചകോടി സംഘടിപ്പിച്ചു.

ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും ഈ മേഖലകളിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങളെ രാജ്യം ഉറ്റുനോക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ അഭിമുഖ്യത്തിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ഗവേഷണ വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ശാസ്ത്ര ഗവേഷണങ്ങളുടെ ഗുണഫലങ്ങൾ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കണമെന്നതാണ് സർക്കാർ നയം. ശാസ്ത്രം ജനനന്മയ്ക്ക് എന്ന മുദ്രാവാക്യം എക്കാലവും പ്രസക്തമാണ്. കഴിഞ്ഞ പതിറ്റാണ്ടിൽ കേരളം അഭിമുഖീകരിച്ച പ്രളയം, നിപ, കോവിഡ്, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങളെ അതിജീവിച്ചത് ശാസ്ത്രീയമായ മാർഗങ്ങളിലൂടെയും പരിഹാരങ്ങളിലൂടെയുമാണ്. മാലിന്യ സംസ്‌കരണവും ഭക്ഷ്യസുരക്ഷയും ശാസ്ത്രീയ രീതികളിലൂടെ മെച്ചപ്പെടുത്താൻ സംസ്ഥാനം കഴിഞ്ഞു. ഹരിത വിപ്ലവം, പോളിയോ വാക്‌സിൻ തുടങ്ങിയവ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്നത് ശാസ്ത്രത്തിലൂടെയാണ് .ഇവയിൽ കേരളത്തിനും നിർണായക പങ്ക് വഹിക്കാൻ കഴിഞ്ഞു.

പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗവും ഭാവി തലമുറയ്ക്കായി കരുതലും ഉറപ്പുവരുത്തണം. നമ്മുടെ പരമ്പരാഗത അറിവുകളെയും തദ്ദേശീയ ഉൽപ്പന്നങ്ങളെയും ശാസ്ത്രീയ ഗവേഷണങ്ങളുമായി ബന്ധിപ്പിക്കണം. ഗവേഷണ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ശൃംഖല നിർമ്മിക്കേണ്ടതുണ്ട്. കാലാവസ്ഥാ ഗവേഷണങ്ങൾ കൃഷിക്ക് പ്രയോജനപ്പെടുന്നതുപോലെ, എല്ലാ ഗവേഷണ മേഖലകളെയും പരസ്പരം ബന്ധിപ്പിച്ച് മുന്നോട്ട് പോകണം. ഇത്തരത്തിൽ പരസ്പരം ബന്ധിപ്പിക്കാൻ കഴിയുന്ന മേഖലകളെ കണ്ടെത്താൻ ഉച്ചകോടിക്ക് കഴിയണം. അത്തരത്തിലുള്ള ചർച്ചകളും നിർദേശങ്ങളും ഉണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഗവേഷണവും വ്യവസായവും പരസ്പരം സഹകരിക്കേണ്ടത് അത്യാവശ്യമാണ്. ഉച്ച കോടിയിൽ പങ്കെടുക്കുന്ന വ്യവസായ പ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള ക്രിയാത്മക ചർച്ച ഗവേഷണ മേഖലയിൽ നിന്നുള്ള കണ്ടെത്തലുകളും വ്യവസായ മേഖലക്ക് ഉപയോഗിക്കാൻ സഹായിക്കും.പ്രമുഖ ശാസ്ത്ര ജേർണലായ ‘നേച്ചറിന്റെ’ മികച്ച ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഇടം നേടിയത് വലിയ നേട്ടമാണ്. ഇതിനായി പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 12 സ്ഥാപനങ്ങളിൽ നിന്നുള്ള എഴുപതോളം കണ്ടെത്തലുകൾ ഉച്ചകോടിയിൽ അവതരിപ്പിക്കുന്നുണ്ട്. 1000 കോടി രൂപ ചെലവിൽ 4 സയൻസ് പാർക്കുകളും സർവകലാശാലകയിൽ ട്രാൻസ്ലേഷൻ റിസർച്ച് സെന്ററുകളും കേരളത്തെ ഒരു വ്യാവസായിക-വൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിനുള്ള ചുവട് വയ്പ്പാണ്.ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാനമായ ഡോ. എസ്. സോമനാഥ് കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹനായിരിക്കുന്നു. ചന്ദ്രയാൻ-3, ആദിത്യ-എൽ1, ഗഗൻയാൻ തുടങ്ങിയ നിരവധി ദൗത്യങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ ബഹിരാകാശ ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ശാസ്ത്രഞ്ജനാണ് ഡോ സോമനാഥ്. പുരസ്‌കാര ജേതാവായ അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കേരള ശാസ്ത്ര പുരസ്‌കാരം ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥിന് മുഖ്യമന്ത്രി സമ്മാനിച്ചു. രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിലാഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.കൗൺസിലിന്റെ ഗവേഷണ, വികസന നൂതന ആശയങ്ങളുടെ സമാഹാരം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ. പി. സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു സ്വാഗതം ആശംസിച്ചു. ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം. സി. ദത്തൻ എന്നിവർ സംബന്ധിച്ചു. സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ബിനുജ തോമസ് നന്ദി രേഖപ്പെടുത്തി.ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഗവേഷണ വികസന സ്ഥാപനങ്ങളിൽ നിന്നുള്ള വിപ്ലവകരമായ ഗവേഷണ ഫലങ്ങളെ യഥാർത്ഥ വിപണി ആവശ്യങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഗവേഷണ, വികസന മേഖലയിലെ നൂതനാശയങ്ങളിൽ നിന്ന് സാമൂഹിക വെല്ലുവിളികൾ പരിഹരിക്കാനുതകുന്ന ആശയങ്ങളെ കണ്ടെത്താനും ഉച്ചകോടി ലക്ഷ്യമിടുന്നു. ഗവേഷണ, വികസന മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളും നിക്ഷേപകരും ഉച്ചകോടിയുടെ ഭാഗമായി.

Leave a Comment

Your email address will not be published. Required fields are marked *