
ഹിമാചല്‍ പ്രദേശിലെ മേഘ വിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. കാണാതായ ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 11 ആയി ഉയര്‍ന്നു. ദുരന്തത്തില്‍ വിവിധ ഇടങ്ങളിലായി കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്നാണ് ഹിമാചല്‍ പ്രദേശില്‍ ഒന്നിലധികം മേഘവിസ്ഫോടനമുണ്ടായത്. മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളും റോഡുകളും പാലങ്ങളുമാണ് ഒലിച്ചുപോയത്. 40 ഓളം പേരെ കാണാതായതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതിനൊപ്പം നിർത്താതെ പെയ്ത കനത്ത മഴയാണ് ദുരന്തത്തിലേക്ക് വഴി വെച്ചത്. ഇതുവരെ 16 മേഘവിസ്‌ഫോടനവും, മൂന്ന് മിന്നല്‍ പ്രളയവും ഒരു പ്രധാന മണ്ണിടിച്ചിലുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 20 മുതലുള്ള മണ്‍സൂണ്‍ മഴയില്‍ ഇതുവരെ 28 പേര്‍ക്ക് ജീവന്‍ നഷ്ടമായതാണ് റിപ്പോർട്ട്. ഇതില്‍ 34 പേരും മാണ്ഡി ജില്ലയിലുള്ളവരാണ്. സംസ്ഥാനത്ത് മണ്‍സൂണ്‍ കനത്തതോടെ പുഴകളും നദികളും കരകവിഞ്ഞ് ഒഴുകിയ അവസ്ഥയിലായിരുന്നു.

