
ടൊറണ്ടോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം നടന്നത്. ലാന്‍ഡിങ്ങിനിടെ വിമാനം തലകീഴായി മറിയുകയായിരുന്നു.അപകടത്തിന് പിന്നാലെ വിമാനത്താവളം അടച്ചിരുന്നുവെങ്കിലും നിലവില്‍ പുനരാരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടസമയത്ത് വിമാനത്താവളത്തില്‍ 76 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുണ്ടായിരുന്നുവെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.അതേസമയം അപകടം നടക്കാനിടയായ സാഹചര്യം വ്യക്തമല്ലെന്ന് പീല്‍ റീജിയണല്‍ പൊലീസ് കോണ്‍സ്റ്റബിള്‍ സാറാ പാറ്റേണ്‍ പറഞ്ഞു.ഒരു കുട്ടിയടക്കം 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പീല്‍ റീജിയണല്‍ പാരാമെഡിക് സര്‍വീസസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.മിനേപൊളിസില്‍ നിന്നും വന്ന വിമാനമാണ് തലകീഴായി മറിഞ്ഞത്. ലോക്കല്‍ പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ ശീതകാല കൊടുങ്കാറ്റ് വീശിയതിന് പിന്നാലെയാണ് അപകടമുണ്ടായതെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. മൂന്ന് ഹെലികോപ്റ്ററുകളും രണ്ട് ക്രിട്ടിക്കല്‍ കെയര്‍ ആംബുലന്‍സും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. കഴിഞ്ഞയാഴ്ച മാത്രം നിരവധി വിമാനാപകടങ്ങളാണ് നോര്‍ത്ത് അമേരിക്കയില്‍ നടന്നത്. ഇത് വ്യോമയാന യാത്രയുടെ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

