ഒരു രാത്രി അഴിക്കുള്ളിൽ…

പുഷ്പ 2 സ്ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ഇന്നലെ വൈകുന്നേരം ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിൻറെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തതിനാൽ നടനെ ഇന്നലെ രാത്രി ചഞ്ചൽഗുഡ ജയിലേക്ക് മാറ്റി. ഇന്ന് രാവിലെ ജാമ്യത്തിന്റെ പകർപ്പ് ലഭിച്ചതോടെയാണ് ജയിൽമോചിതനായത്. അതേസമയം നടൻ അല്ലു അർജുനെതിരായ പരാതി പിൻവലിക്കുമെന്ന് തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ ഭർത്താവ് ഭാസ്കർ അറിയിച്ചു. അല്ലു അർജുൻ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു പ്രതികരണം.”പുഷ്പ 2 കാണണമെന്ന മകന്റെ ആഗ്രഹപ്രകാരമാണ് തിയറ്ററിലെത്തിയത്. ആ സമയം തിയറ്റർ സന്ദർശിച്ചത് അല്ലു അർജുന്റെ കുഴപ്പമല്ല. പരാതി പിൻവലിക്കാൻ തയ്യാറാണ്. അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. ദുരന്തത്തിൽ അല്ലു അർജുന് പങ്കില്ല’–- ഭാസ്കർ പറഞ്ഞു. ഭാര്യ രേവതി മരണത്തിനുപിന്നാലെ അല്ലുവിനും തിയേറ്ററുകാർക്കുമെതിരെ ഭാസ്കറാണ് പരാതി നൽകിയത്. യുവതിയുടെ കുടുംബത്തിന് അല്ലു 25 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.അതേസമയം അല്ലു അർജുന് സിനിമാ, രാഷ്ട്രീയമേഖലയിലെ പ്രമുഖർ പിന്തുണയുമായെത്തി. ബന്ധുകൂടിയായ നടൻ ചിരഞ്ജീവി അല്ലുവിന്റെ വീട്ടിലെത്തി. തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനെതിരെ അല്ലുവിന്റെ ആരാധകരുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.

അപേക്ഷിച്ച ഉടൻ റേഷൻ കാർഡ്, നന്ദി പറഞ്ഞ് അജയകുമാർ ഘോഷ് …

കിളിമാനൂർ സ്വദേശിയായ അജയകുമാർ ഘോഷ് കാൽ നൂറ്റാണ്ടു കാലം പ്രവാസിയായി ജോലി ചെയ്തിരുന്നു. ജോലി ചെയ്തിരുന്ന കമ്പനി സാമ്പത്തിക പ്രതിസന്ധി മൂലം പൂട്ടിയതിനാൽ ഏഴു വർഷം മുൻപ് നാട്ടിലെത്തുകയായിരുന്നു. തുടർന്ന് ജീവിത മാർഗത്തിനായി പലവിധ സംരംഭങ്ങളും നടത്തി നോക്കിയെങ്കിലും നഷ്ടം സംഭവിച്ചതിനെ തുടർന്ന് അവയിൽ നിന്നൊക്കെ പിന്മാറേണ്ടി വന്നു. മാനസികമായും സാമ്പത്തികമായും തകർന്നിരിക്കുന്ന അവസ്ഥയിൽ അജയകുമാറിന്റെ ആരോഗ്യത്തിൽ കരിനിഴൽവീഴ്ത്തി വൃക്കരോഗം സ്ഥിരീകരിച്ചു.സ്വന്തം സ്ഥലത്ത് ഒരു കെട്ടിടം പണികഴിപ്പിച്ച് വാടകയ്ക്ക് നൽകി ജീവിതം കരുപിടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ അജയകുമാർ. കെട്ടിട നമ്പർ ലഭിക്കുന്നതിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. അത് സംബന്ധിച്ച് നടപടികൾ വേഗത്തിലാക്കാൻ അദാലത്തിൽ എത്തിയതായിരുന്നു അജയകുമാർ ഘോഷും ഭാര്യ ശ്രീകുമാരിയും. മന്ത്രി ജി ആർ അനിലിന് മുൻപിൽ ഇരുവരും സങ്കടം അവതരിപ്പിച്ചു.വൃക്കരോഗത്താൽ ക്ഷീണിതനായിരുന്ന അജയകുമാറിന്റെ സ്ഥിതി മനസ്സിലാക്കിയ മന്ത്രി അവർ നിലവിൽ ഉപയോഗിക്കുന്ന നോൺ പ്രയോറിറ്റി നോൺ സബ്സിഡി (എൻ പി എൻ എസ്) റേഷൻ കാർഡ് മാറ്റി നൽകുന്ന കാര്യം ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. നിലവിൽ പ്രവാസിയല്ലെന്നതും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നതും പരിഗണിച്ച് ചികിത്സ കാർഡായ പിങ്ക് കാർഡ് നൽകാൻ തടസ്സമില്ല എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.തുടർന്ന് അദാലത്തിൽ വച്ച് തന്നെ അപേക്ഷ സ്വീകരിച്ച് പി എച്ച് എച്ച് കാർഡ് അനുവദിക്കുന്നതിനുള്ള ഉത്തരവ് നൽകുകയായിരുന്നു. ജീവിത സങ്കടത്തിന് താൽക്കാലിക ആശ്വാസം ലഭിച്ചതിന് മന്ത്രിയോട് നന്ദി പറഞ്ഞ് അജയകുമാർ ഘോഷും ഭാര്യ ശ്രീകുമാരിയും ചിറയിൻകീഴ് താലൂക്ക് അദാലത്ത് വേദിയിൽ നിന്നുമിറങ്ങി.

