രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചു വയസുകാരൻ മരിച്ചു. ദൗസ ജില്ലയിലെ കാളിഘട്ട് ഗ്രാമത്തിലാണ് തിങ്കളാഴ്ചയാണ് ആര്യനെന്നു പേരുള്ള കുട്ടി കൃഷിയിടത്തിൽ കളിക്കുന്നതിനിടെ കിണറ്റിൽ വീണത്. 160 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സിവിൽ ഡിഫൻസ് ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു.കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ട്യൂബ് വഴി ഓക്സിജൻ വിതരണം ചെയ്താണ് ജീവൻ നിലനിർത്തിയത്. ക്യാമറ വഴി കുട്ടിയെ നീരീക്ഷിക്കുന്നുമുണ്ടായിരുന്നു. 56 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടങ്ങിക്കിടന്ന കുട്ടിയെ മറ്റൊരു കുഴി കുഴിച്ചാണ് പുറത്തെടുക്കാനായത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.