ഗായകൻ കെ കെയുടെ ആകസ്‌മികവേർപാടിൽ വേദനിച്ച് സഹപാഠികളും സംഗീതഅധ്യാപകരും. ഡൽഹി സർവകലാശാലയിലെ കിരോരി മാൽ കോളേജിൽനിന്നാണ് കെ കെ കൊമേഴ്‌സ് ബിരുദം നേടിയത്. ഗായകനെന്ന നിലയിലെ മികവാണ് 1986ൽ അദ്ദേഹത്തിന് കോളേജിൽ പ്രവേശനം നേടിക്കൊടുത്തതെന്ന് അധ്യാപിക സുമിത്രമൊഹന്തി ഓർമിച്ചു.‘പാഠ്യേതരവിഷയങ്ങളിൽ മികവ് പുലർത്തിയവരുടെ പട്ടികയിൽ ഒന്നാമനായിരുന്നു കെ കെ. പാശ്ചാത്യസംഗീതത്തിലായിരുന്നു കമ്പം. ഭാരതീയ സംഗീതവും പാശ്‌ചാത്യസംഗീതവും തമ്മിൽ വ്യത്യാസമില്ലെന്നും എല്ലാം സംഗീതം തന്നെയെന്നും അവനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പിന്നീടുള്ള അവസരത്തിലെല്ലാം കെ കെ അതിന് എന്നോട് നന്ദി പറയുമായിരുന്നു. ഇത്രയും കഴിവുള്ള ഒരു വിദ്യാർഥിയെ നഷ്ടപ്പെട്ടതിന്റെ നൊമ്പരം പറഞ്ഞറിയിക്കാൻ പറ്റില്ല’. കെ കെ ഭാഗമായിരുന്ന കോളേജ് സംഗീതഗ്രൂപ്പായ ‘മ്യുസോക്കിന്റെ’ സ്‌റ്റാഫ് അഡ്വൈസറായിരുന്നു.