കൊടകര കുഴല്‍പ്പണ കേസില്‍ കെ. സുരേന്ദ്രനെ രക്ഷിക്കാന്‍ ഇഡിയും കേരള പോലീസും തമ്മില്‍ മത്സരമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂ ട്ടത്തില്‍. ബിജെപിയിലെ ഭിന്നതയില്‍ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ബിജെപി ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് താനാണെന്ന് സുരേന്ദ്രന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും ചോദിച്ചു. ഈ ആരോപണം തെളിയിച്ചാല്‍ സുരേന്ദ്രന് പറയുന്ന പണി ചെയ്യാം. കൊടകരയിലെ സിപിഎം ബിജെപി ഡീലിന്റെ ഭാഗമായാണ് പാലക്കാട് പാര്‍ട്ടി ചിഹ്നത്തെ ഡമ്മി ആക്കിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.
പി പി ദിവ്യ പോലിസ് കസ്റ്റഡിയില്‍ …
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയില്‍ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പോലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യ ദിവസം അറസ്റ്റിലായപ്പോള്‍ തന്നെ ചോദ്യം ചെയ്തതിനാല്‍ ഇനിയും കൂടുതല്‍ സമയം ആവശ്യമാണോയെന്ന് കോടതി ചോദിച്ചു. അതിനിടെ ദിവ്യയുടെ ജാമ്യ ഹരജി ഇന്ന് തലശേരി കോടതി പരിഗണിക്കും. ഹരജിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. കോടതി മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയതിനു പിന്നാലെയാണ് കഴിഞ്ഞദിവസം ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്. കെ.വിശ്വനാണ് ദിവ്യയ്ക്ക് വേണ്ടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹരജി സമര്‍പ്പിച്ചത്.