
അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശി റെബേക്ക ജോസഫ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നിലവിൽ അരിക്കൊമ്പനുള്ള സ്ഥലത്തുനിന്നു മാറ്റേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ച് ഹർജി തള്ളിയത്. നേരത്തെ മധുര ബെഞ്ചും ഹർജി തള്ളിയിരുന്നു. ഇതിനുശേഷമാണ് ഫോറസ്റ്റ് ബെഞ്ചിനു ഹർജി കൈമാറിയത്.അരിക്കൊമ്പനു തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയതായും കോടതി പറഞ്ഞു. അതുകൊണ്ടു തന്നെ തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട് – മുണ്ടൻതുറെ കടുവസങ്കേതത്തിനുള്ളിലെ അപ്പർ കോതയാർ വനമേഖലയിൽ തുറന്നുവിട്ട തമിഴ്നാട് സർക്കാരിന്റെ നടപടി റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.