
ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. നേവി ഡേ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചു. നാവിക സേനയുടെ ഉപഹാരവും അദ്ദേഹം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
സുസ്ഥിര വികസനത്തിന് ഉത്തേജനം നൽകുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളിൽ ഇന്ത്യൻ നാവികസേന നിർണായ പങ്ക് വഹിക്കുന്നതായും രാഷ്ട്രപതി ദ്രൗപതി മുർമു. കടൽ വഴികൾ സുരക്ഷിതമാക്കിയും സമുദ്ര വിഭവങ്ങൾ സംരക്ഷിച്ചും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടഞ്ഞും സമുദ്ര ഗവേഷണത്തെ പിന്തുണച്ചും നാവികസേന രാജ്യത്തിന് കരുത്തേകുന്നതായും രാഷ്ട്രപതി പറഞ്ഞു. ശംഖുമുഖത്ത് നടന്ന നാവികസേനാ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ഇന്ത്യൻ മഹാസമുദ്ര മേഖല വളരെ തന്ത്രപ്രധാനമാണ്. ആഗോള ഊർജ വിതരണത്തിനും വ്യാപാരത്തിനുമുള്ള ഒരു മാർഗമാണിത്. ഇന്ത്യ ഇതിന്റെ കേന്ദ്രസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഈ മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിൽ നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്. നമ്മുടെ അയൽക്കാർക്ക് സഹായം എത്തിച്ചും സമുദ്ര അവബോധം പ്രോത്സാഹിപ്പിച്ചും അന്താരാഷ്ട്ര സമുദ്ര സമൂഹത്തിന് സുരക്ഷ ഉറപ്പാക്കിയും നമ്മുടെ അതിർത്തിക്കുള്ളിൽ മാത്രമല്ല, വിശാലമായ ഇന്ത്യൻ മഹാസമുദ്രത്തിലുടനീളവും നാവിക സേന പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.

ആധുനികവൽക്കരണവും പുതിയ സാങ്കേതികവിദ്യകളുടെ വികസനവും അവയുടെ പൊരുത്തപ്പെടുത്തലും ഏതൊരു സായുധ സേനയുടെയും പോരാട്ട സന്നദ്ധതയ്ക്ക് നിർണായകമാണ്. ഇന്ത്യയിൽ തന്നെ സങ്കീർണമായ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനുമുള്ള കഴിവ് നമ്മുടെ നാവികസേനക്കുണ്ട്. വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും മറ്റു യുദ്ധക്കപ്പലുകളും അന്തർവാഹിനികളും ഇതിനു ഉദാഹരണങ്ങളാണ്. ഇവ തദ്ദേശീയമായി വികസിപ്പിക്കുന്നതിലൂടെ ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാകും. തദ്ദേശീയ സാങ്കേതികവിദ്യകൾ വികസിപ്പിച്ച് വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യൻ നാവികസേന ഊർജം പകരുകയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
വിമാനത്താവളത്തിൽ നിന്നും വേദിയിലെത്തിയ രാഷ്ട്രപതിക്ക് എം എച്ച് 60 ആർ ഹെലികോപ്റ്ററുകൾ സല്യൂട്ട് നൽകി. യുദ്ധക്കപ്പലുകളായ ഐഎൻഎസ് ഇംഫാലും ഐഎൻഎസ് ഉദയഗിരിയും ഐഎൻഎസ് കമാലും ഐഎൻഎസ് കൊൽക്കത്തയും ചേർന്ന് രാഷ്ട്രപതിയെ അഭിവാദ്യം ചെയ്തു. പാരച്യൂട്ടിൽ പറന്നിറങ്ങിയ മറൈൻ കമാൻഡോകൾ രാഷ്ട്രപതിക്ക് ഉപഹാരം സമ്മാനിച്ചു. സേനയുടെ കരുത്തും പ്രവർത്തന മികവും വിളിച്ചോതുന്ന പോർവിമാനങ്ങളുടേയും പടക്കപ്പലുകളുടേയും അഭ്യാസ പ്രകടനങ്ങൾ രാഷ്ട്രപതി വീക്ഷിച്ചു.
ഇന്ത്യയുടെ പടക്കപ്പലുകളായ ഐഎൻഎസ് ഇംഫാൽ, ഐഎൻഎസ് ഉദയഗിരി, ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കമാൽ, പായ്ക്കപ്പലുകളായ തരംഗിണിയും സുദർശിനിയും മിസൈൽ കില്ലർ ബോട്ടുകളും അന്തർവാഹിനിയും ഉൾപ്പെടെയുള്ള 19 നാവിക യുദ്ധ സംവിധാനങ്ങളാണ് തീരക്കടലിൽ വിസ്മയ കാഴ്ചയൊരുക്കിയത്. വിമാനവാഹിനിയായ ഐഎൻഎസ് വിക്രാന്തിൽനിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററിൽനിന്നുള്ള എയർ ലിഫ്റ്റിംഗും പാരാഗ്ലൈഡിംഗും ഉൾപ്പെടെയുള്ള അഭ്യാസ പ്രകടനങ്ങൾ സേനയുടെ ഉൾക്കരുത്തും നീക്കങ്ങളിലെ കൃത്യതയും വേഗതയും സാങ്കേതിക മികവും എടുത്തുകാട്ടി. യുദ്ധത്തിനും നിരീക്ഷണത്തിനുമുള്ള ലോങ് റേഞ്ച് ആന്റി സബ്മറൈൻ വിമാനമായ പി8ഐ, മിഗ്, ഹോക്സ് വിമാനങ്ങളും ഹെലികോപ്റ്ററുകളും ചേർന്നാണ് ആകാശത്ത് ദൃശ്യവിസ്മയം ഒരുക്കിയത്.
ആർത്തിരമ്പുന്ന കടൽപ്പരപ്പിൽ സെർച്ച് ആൻഡ് സീഷർ ഓപ്പറേഷൻ, ഹെലികോപ്റ്റർ വഴി കമാൻഡോകളെ ലക്ഷ്യസ്ഥാനത്ത് ഇറക്കുന്ന ഹെലികോപ്റ്റർ ബോൺ ഇൻസേർഷൻ, രക്ഷാദൗത്യം എന്നിവയുടെ പ്രദർശനവും നടന്നു. സതേൺ നേവൽ കമാൻഡിന്റെ മ്യൂസിക്കൽ ബാൻഡും കണ്ടിന്യൂയിറ്റി ഡ്രില്ലും സീ കേഡറ്റുകൾ അവതരിപ്പിച്ച ഹോൺ ആൻഡ് പൈപ്പ് ഡാൻസും പരിപാടിയെ വ്യത്യസ്തമാക്കി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ അനാവരണം ചെയ്യുന്ന കലാപരിപാടികളോടെ ആരംഭിച്ച ആഘോഷപരിപാടികൾക്ക് പരിസമാപ്തിയായി തീരക്കടലിൽ യുദ്ധക്കപ്പലുകൾ വൈദ്യുതി ദീപങ്ങളാൽ അലംകൃതമായി അണിനിരന്നു.
നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേഠ്, ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേന, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താക്കുറിപ്പ്
ഇന്ന് (വ്യാഴാഴ്ച)വൈകിട്ട് 6മണിയോടെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 26154921ആയി ഉയർന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 93.91% ആണ്.Uncollectable Forms ൻ്റെ എണ്ണം 1852962(absent,death ,shift , others etc) ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു . നഗരപ്രദേശങ്ങളിൽ നിന്നുള്ള ഫോമുകൾ ഫോമുകൾ ഇനിയും മടക്കി നൽകിയിട്ടില്ലാത്തവർഎത്രയും വേഗം പൂരിപ്പിച്ച് ബിഎൽ ഒ മാരെ ഏല്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി സജ്ജമാക്കിയിട്ടുള്ള ക്യാമ്പുകൾ നാളെയും തുടരുമെന്ന് ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.

എം എൽഎ സ്ഥാനം രാജിവെയ്പ്പിക്കാതെ കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെ സഹായിച്ചു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇത്രയും കാലം നിയമസഭാ സാമാജികനാക്കി വച്ചതിന്റെ ഉത്തരവാദിത്തത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് ചെയ്യേണ്ടിയിരുന്നത് പാര്‍ട്ടിക്ക് അകത്തുള്ള സമയത്ത് തന്നെ രാഹുലിനെ രാജിവയ്പ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല, ഞങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയല്ലോ, വേണമെങ്കില്‍ രണ്ടുദിവസം മുമ്പേ പുറത്താക്കാം എന്നൊക്കെയുള്ള പരിഹാസ്യമായ നടപടിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ജനങ്ങളോടും സ്ത്രീ സമൂഹത്തോടും കോണ്‍ഗ്രസിന് എന്തെങ്കിലും ഒരു പ്രതിബദ്ധത ഉണ്ടായിരുന്നെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭാ സാമാജികത്വം രാജിവെപ്പിക്കേണ്ടതായിരുന്നു. അതിന് തയ്യാറാവാതെ ഇപ്പോള്‍ പുറത്താക്കി എന്ന് പറയുന്നത് ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു തന്ത്രം മാത്രമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ഈ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാത്രമല്ല കുറ്റവാളി സ്ഥാനത്ത് നില്‍ക്കുന്നത്. കോണ്‍ഗ്രസിലെ പല യുവനേതാക്കളും, പ്രത്യേകിച്ചും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഗുരുക്കന്മാരായിട്ടുള്ള പലരും സംശയത്തിന്റെ നിഴലിലാണ്. രാഹുല്‍ നടത്തിയ പല തെറ്റായ പ്രവണതകളും ഇത്തരം ആളുകളുടെ സഹായത്തോട് കൂടിയാണ് നടന്നിരിക്കുന്നത്. എല്ലാം അറിഞ്ഞുകൊണ്ട് കോണ്‍ഗ്രസിലെ പല നേതാക്കളും ഈ തെറ്റുകള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നിരവധി പരാതികള്‍ കെപിസിസി പ്രസിഡന്റിനും, പ്രതിപക്ഷ നേതാവിനും, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മെന്റര്‍ ആയിട്ടുള്ള ഷാഫി പറമ്പിലിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ കിട്ടിയിട്ടുണ്ട്. ബോധപൂര്‍വ്വം ആ പരാതികളെല്ലാം ഒതുക്കിത്തീര്‍ക്കുകയായിരുന്നു അവര്‍ ചെയ്തത്. ഇത്രയും കാലം രാഹുലിനെ സംരക്ഷിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൈ കഴുകി ഓടിപ്പോകാന്‍ കഴിയില്ല.പിണറായി സര്‍ക്കാരിന് രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടല്ല, തദ്ദേശ തെരഞ്ഞെടുപ്പ് കണ്ടുകൊണ്ട് അവരിത് നീട്ടിക്കൊണ്ടുപോയതാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടത്തിലിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് പോലും പോലീസ് തന്നെയാണ് എന്നതാണ് സത്യം. രാഹുല്‍ എവിടെയൊക്കെ പോയിട്ടുണ്ടോ അവിടെയെല്ലാം പോലീസിന്റെ നിരീക്ഷണമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് വൈകിപ്പിച്ചത് പോലീസിന്റെയും സര്‍ക്കാരിന്റെയും ഗൂഢാലോചനയാണ്, കെ സുരേന്ദ്രന്‍ പറഞ്ഞു.
