കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.നൃത്ത പരിപാടി സംഘടിപ്പിച്ചതില്‍ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്.ഐ.ആര്‍ ചൂണ്ടിക്കാണിക്കുന്നു. സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തു.സ്റ്റേജ് നിര്‍മിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സംഭവ സ്ഥലത്ത് ഡോക്ടര്‍മാരോ സുരക്ഷാ ജീവനക്കാരോ ഉണ്ടായിരുന്നില്ല. സ്റ്റേജില്‍ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ഉമാ തോമസ് എംഎല്‍എയുടെ വിദഗ്ധ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘം എറണാകുളത്ത് എത്തി…
ഉമാ തോമസ് എംഎല്‍എയുടെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം സംഘം എറണാകുളത്ത് എത്തി.കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും ഹൃദ്രോഗ വിദഗ്ധനുമായ ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡപ്യൂട്ടി സൂപ്രണ്ടും അനസ്‌തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷലിസ്റ്റുമായ ഡോ.ആര്‍.രതീഷ് കുമാര്‍, ഡോ.ഫിലിപ് ഐസക്, ഡോ.പി.ജി.അനീഷ് എന്നിവരാണുള്ളത്.
മന്ത്രി വീണാ ജോര്‍ജിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനാണ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരെ നിയോഗിച്ചത്. ഉമാ തോമസിന്റെ ആരോഗ്യനില വിലയിരുത്താന്‍ ആരോഗ്യവകുപ്പ് പ്രത്യേക മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചു.