വടക്കൻ ഗസ്സയിൽനിന്ന് പലായനം ചെയ്യുന്നവർക്കുനേരെ ഇസ്രാഈല്‍ ആക്രമണം. വ്യോമാക്രമണത്തില്‍ 70 പേർ കൊല്ലപ്പെട്ടതായി ഹമാസ്. ജനങ്ങളെ ഗസ്സയില്‍നിന്നു നിർബന്ധിച്ച് ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സഊദി അറേബ്യയും മുസ്ലിം വേൾഡ് ലീഗും വ്യക്തമാക്കിയിട്ടുണ്ട്.ഇസ്രാഈല്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഖത്തർ അമീർ ആവശ്യപ്പെട്ടു. അതിനിടെ, ഓപറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രാഈലിൽനിന്നുള്ള രണ്ടാമത്തെ വിമാനം ഇന്നെത്തും.ഗസ്സ സിറ്റിയിൽനിന്ന് പലായനം ചെയ്യുന്ന വാഹനവ്യൂഹങ്ങൾക്കുനേരെ ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ഇസ്രായേൽ ഇതിനോട് പ്രതികരിച്ചിട്ടില്ല.എന്നാല്‍, ഗസ്സ മുനമ്പിൽ സൈന്യം ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്രാഈല്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം, വെടിനിർത്തൽ ആവശ്യപ്പെട്ട റഷ്യ, ഇരു രാജ്യങ്ങൾക്കുമിടയിൽ മാധ്യസ്ഥം വഹിക്കാൻ തയാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തി.അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന ഇസ്രാഈല്‍ അന്ത്യശാസനത്തിനു പിന്നാലെ ആയിരക്കണക്കിന് ഫലസ്തീൻ പൗരന്മാർ വടക്കൻ ഗസ്സയില്‍നിന്നു പലായനം ചെയ്തതായാണ് റിപ്പോർട്ട്. ഇതിനിടയിലേക്കാണ് ഇസ്രാഈല്‍ വ്യോമാക്രമണം നടന്നതെന്ന് ഹമാസ് ആരോപിച്ചു.