EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റിന് നീക്കവുമായി പൊലീസ്…

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റിന് നീക്കവുമായി പൊലീസ്. മുന്‍കൂര്‍ജാമ്യാപേക്ഷ തടസ്സമാകില്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.രാഹുലിന്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്‌ളാറ്റിലുണ്ട്. രാഹുല്‍ പാലക്കാട്ടെ രഹസ്യകേന്ദ്രത്തില്‍ തന്നെയുണ്ടെന്നാണ് വിവരം.നിരീക്ഷണം ശക്തമാക്കാന്‍ പാലക്കാട്, കൊച്ചി, തിരുവനന്തപുരം സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കി.മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് തടസ്സമാകുമെന്നതില്‍ കേരളത്തിന് പുറത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ പോകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും.

പ്രിന്റിങ് പ്രസ്സുകളിൽ പരിശോധ തുടരുന്നു; 220 മീറ്റർ നിരോധിത പ്രിന്റിങ് വസ്തുക്കൾ പിടിച്ചെടുത്തു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത പെരുമാറ്റച്ചട്ടം ഉറപ്പ് വരുത്തുന്നതിനായി നിയോഗിച്ച ജില്ലാ സ്പെഷ്യൽ സ്ക്വാഡ് പ്രിന്റിങ് പ്രസ്സുകളിൽ മിന്നൽ പരിശോധന തുടരുന്നു.
കോർപറേഷൻ പരിധിയിലെ ഏഴ് സ്ഥാപനങ്ങളിൽനിന്ന് പ്രിന്റിങ്ങിനായി എത്തിച്ച 220 മീറ്റർ നിരോധിത വസ്തുക്കൾ പിടിച്ചെടുത്ത് സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകി. പിടിച്ചെടുത്ത വസ്തുക്കൾ കോർപറേഷന് കൈമാറുകയും 10,000 രൂപ വീതം പിഴ ചുമത്താൻ നിർദേശിക്കുകയും ചെയ്തു.

പരിശോധനയിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇൻ്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ഒ ജ്യോതിഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു ജയറാം, ഇ പി ഷൈലേഷ് തുടങ്ങിയവർ പങ്കെടുത്തു.സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷൻ നിരോധിച്ച വസ്തുക്കൾ പ്രിന്റിങ്ങിന്
ഉപയോഗിക്കരുതെന്നും എല്ലാ അസംസ്കൃത വസ്തുക്കൾക്കും ക്യു ആർ കോഡ് ലഭ്യമാക്കണമെന്നും
ഉദ്യോഗസ്ഥർ അറിയിച്ചു. ക്യു ആർ കോഡ് സ്കാൻ ചെയ്താൽ അംഗീകൃത സാക്ഷ്യപത്രം ലഭിക്കണം. നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്ത്യൻ ബാങ്കുകളുടെ വിദേശവൽക്കരണം ബാങ്കിങ് മേഖലയെ അപകടത്തിലാക്കും: ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി : വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ നിന്ന് ഇന്ത്യൻ ബാങ്കുകളെ സംരക്ഷിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം പി ധനകാര്യമന്ത്രി നിർമല സീതാരാമന് കത്തയച്ചു. ബാങ്കിംഗ് മേഖലയിലെ എഫ്ഡിഐ അംഗീകാര ചട്ടക്കൂടിന്റെ അവലോകനം നടത്തണമെന്നും കാത്തലിക്ക് സിറിയൻ ബാങ്ക് ജീവനക്കാർക്ക് സേവനവ്യവസ്ഥകളുടെ സംരക്ഷണത്തോടൊപ്പം നിയമാനുസൃതമായ ബിപിഎസ്-ലിങ്ക്ഡ് ശമ്പള പരിഷ്കരണങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.

2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ ബാങ്കിംഗ് മേഖലയിൽ വിദേശ നിയന്ത്രണങ്ങൾ ഇല്ലാത്തിരുന്നത് കാരണം ഇന്ത്യൻ ബാങ്കിംഗ് സംരക്ഷിക്കപ്പെട്ടെങ്കിലും, ഈ പ്രതിരോധശേഷി ഇപ്പോൾ അപകടത്തിലാണ്. കാത്തലിക്ക് സിറിയൻ ബാങ്കിന് പുറമെ ലക്ഷ്മി വിലാസ് ബാങ്ക്, യെസ് ബാങ്ക്, ആർബിഎൽ ബാങ്ക്, ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, തുടങ്ങിയ ബാങ്കുകളിൽ ഇപ്പോൾ പൂർണമായോ ഭാഗികമായോ വിദേശ നിക്ഷേപങ്ങളുണ്ട്.കാനഡ ആസ്ഥാനമായ ഫെയർഫാക്സ് ഗ്രൂപ്പ് കാത്തലിക് സിറിയൻ ബാങ്ക് ഏറ്റെടുത്തത് മുതലുള്ള, വിദേശസ്ഥാപനങ്ങളുടെ ബാങ്കിംഗ് മേഖലയിലേക്കുള്ള കടന്നുകയറ്റം ഇന്ത്യയുടെ ബാങ്കിംഗ് നയത്തിലെ അപകടകരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നതും ബാങ്കിംഗ് മേഖലയുടെ വിദേശവൽക്കരണ പ്രവണതയെ പ്രതിഫലിപ്പിക്കുന്നതുമാണ്. ഇത് ബാങ്ക് ദേശസാൽക്കരണ മനോഭാവത്തെ മാറ്റിമറിക്കുന്നതാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി കത്തിൽ മുന്നറിയിപ്പ് നൽകി.

ചെറുകിട വായ്പക്കാർക്കും, കർഷകർക്കും, സംരംഭകർക്കും സേവനം നൽകിയിരുന്ന ഒരു ജനകീയ ബാങ്കായിരുന്ന സിഎസ്ബി ഇപ്പോൾ കാർഷിക, വിദ്യാഭ്യാസ, ഭവന, ചെറുകിട ബിസിനസ് വായ്പകൾ ഗണ്യമായി കുറച്ചിരിക്കുകയാണ്. അതേസമയം, കോർപ്പറേറ്റ് മേഖലയിലേക്കുള്ള വായ്പാ പരിധി ബാങ്ക് വൻതോതിൽ വർദ്ധിപ്പിച്ചിട്ടുമുണ്ട്. സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ 10,000 രൂപ പ്രാരംഭ നിക്ഷേപം വേണമെന്ന് ബാങ്ക് നിർബന്ധിക്കുന്നതായി റിപ്പോർട്ടുകളുണ്ടെന്നും ബ്രിട്ടാസ് കത്തിൽ ചൂണ്ടിക്കാട്ടി.2015 ൽ ഉണ്ടായിരുന്ന 2,906 സ്ഥിരം ജീവനക്കാരെ ഇപ്പോൾ 906 ആയി കുറച്ച ബാങ്ക് കരാർ നിയമനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. ഒമ്പത് വർഷത്തിനിടയിൽ ഒരു സ്ഥിരം നിയമനം പോലും സി എസ് ബിയിൽ നടന്നിട്ടില്ല. വിദേശ നിയന്ത്രണത്തിന് കീഴിലായതിനുശേഷം, ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം 60 ൽ നിന്ന് 58 ആയി കുറയ്ക്കുകയും ചെയ്തു. ദേശീയ സാമ്പത്തിക സ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമായ നിക്ഷേപം സ്വീകരിക്കുന്ന ബാങ്കുകളിൽ വിദേശ സ്ഥാപനങ്ങൾ നിയന്ത്രണം നേടുന്നത് തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഡോ. ബ്രിട്ടാസ് ധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2025 ഡിസംബര്‍ 12 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. ഡിസംബര്‍ 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 30ാമത് പതിപ്പ് പ്രമാണിച്ച് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഇത്തവണ ഒരു തിയേറ്റര്‍ കൂടി അധികമായി സജ്ജീകരിച്ചിട്ടുണ്ട്.

സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്
30ാമത് ഐ.എഫ്.എഫ്.കെയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ വനിതാ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26ാമത് ഐ.എഫ്.എഫ്.കെയിലാണ് ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കുര്‍ദിഷ് സംവിധായിക ലിസ കലാന്‍ ആയിരുന്നു പ്രഥമ ജേതാവ്. ഇറാന്‍ ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു, ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയ എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായത്.

കറുത്ത വര്‍ഗക്കാരോടുള്ള വംശീയമുന്‍വിധികള്‍ക്കെതിരെ സിനിമയിലൂടെ പൊരുതുന്ന കെല്ലി ഫൈഫ് മാര്‍ഷലിന്റെ ‘ബ്‌ളാക്ക് ബോഡീസ്'(2020) എന്ന ഹ്രസ്വചിത്രം ടൊറന്‍േറാ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മേളയുടെ ആദ്യ ചേഞ്ച്‌മേക്കര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. കറുത്ത വര്‍ഗക്കാരുടെ ജീവിതാനുഭവങ്ങളില്‍ ഊന്നിയുള്ള ഹേവന്‍ (2018) എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അവര്‍ തന്റെ വരവറിയിച്ചത്. കലയിലൂടെ കറുത്ത വര്‍ഗക്കാരുടെ സമുദായത്തെ ശാക്തീകരിക്കുന്നതിനും സാമൂഹികനീതിക്കും വേണ്ടി രൂപംകൊടുത്ത ‘മേക്ക് റിപ്പിള്‍സ്’ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപക കൂടിയാണ് കെല്ലി ഫൈഫ്. ടെലിവിഷന്‍ രംഗത്തും പരസ്യചിത്രനിര്‍മ്മാണരംഗത്തും തന്റെ കൈയൊപ്പ് പതിപ്പിച്ച കെല്ലിയുടെ ‘ബ്‌ളാക്ക് എലിവേഷന്‍ മാപ്പ്’ എന്ന പ്രചാരണചിത്രം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 2025ലെ ടൊറന്‍േറാ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ കെല്ലിയുടെ ‘ഡീമണ്‍സ്’ എന്ന ഹ്രസ്വചിത്രം ഔദ്യോഗിക സെലക്ഷന്‍ നേടി. സ്വന്തം ജനതയുടെ അതിജീവനവും സ്‌നേഹവും കരീബിയന്‍ പ്രവാസിജീവിതവും പ്രതിഫലിപ്പിക്കുന്നവയാണ് കെല്ലിയുടെ ചിത്രങ്ങള്‍.

മേളയുടെ മുഖ്യ ആകര്‍ഷണങ്ങള്‍
അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ അറുപതിലധികം സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ എട്ടു സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫിമെയ്ല്‍ ഫോക്കസ്, മിഡ്‌നൈറ്റ് സിനിമ, റെസ്റ്റോര്‍ഡ് ക്‌ളാസിക്‌സ് എന്നീ വിഭാഗങ്ങളിലും സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്റെ നാലു ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ ഷാജി എന്‍. കരുണ്‍, സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗത്തില്‍ ഇരുവരുടെയും രണ്ടു ചിത്രങ്ങള്‍ വീതം പ്രദര്‍ശിപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *