
ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പണ്ടാര അടുപ്പിൽ തീ പകർന്നു. തലസ്ഥാനത്ത് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ഭക്തജനലക്ഷങ്ങൾ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിച്ചുതുടങ്ങി. ഉച്ചയ്ക്ക് 1.15-ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും. ഇന്ന് രാത്രി 7.45-ന് കുത്തിയോട്ടവും ചൂരൽകുത്തും നടക്കും. നാളെ രാവിലെ എട്ടിന് അകത്തെഴുന്നള്ളിപ്പും 10-ന് കാപ്പഴിക്കൽ ചടങ്ങും നടക്കും. രാത്രി ഒന്നിന് കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനമാകും.